പേരാവൂർ: കാട്ടാനപ്പേടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കൊട്ടിയൂർ പാൽച്ചുരം നിവാസികൾ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രദേശത്ത് കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാൽച്ചുരത്തെ വീട്ടുമുറ്റത്തും കാട്ടാനയെത്തി. ഓളാട്ടുപുറം ഷിന്റോ എന്നയാളുടെ വീടിന് മുന്നിലാണ് കാട്ടാന വന്നത്. കൃഷിയിടത്തിലിറങ്ങിയ ആന വീട്ടുമുറ്റത്തുകൂടി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44ാം മൈൽ റോഡിലൂടെ നടന്നു പോയി.

മരങ്ങൾക്കിടയിലൂടെ വന്ന് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപത്തുകൂടെ പോകുന്നതിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം വീടിന്റെ ടെറസിൽ കയറി മൊബൈലിൽ പകർത്തി. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഒരു കാട്ടാന കൃഷിയിടങ്ങളിൽക്കൂടി ഇറങ്ങി നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. അമ്പായത്തോട്, പാൽച്ചുരം, പന്ന്യാംമല പ്രദേശങ്ങളിൽ കാട്ടാനകളെത്തി നാശം വിതയ്ക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും നിഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരം നാട്ടുകാർ ആവശ്യപ്പെടുകയാണ്.

പയ്യാവൂരിൽ ഉറക്കം നഷ്ടപ്പെട്ട് കർഷകർ


പയ്യാവൂർ: പാടാൻകവലയിൽ കാട്ടുമൃഗശല്യം നിമിത്തം ജനങ്ങൾക്ക് ഉറക്കമില്ലാതായി. കാട്ടുപന്നി, കുരങ്ങ്, ആന, മുള്ളൻപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലി ഫോറസ്റ്റിൽ നിന്നും ഇറങ്ങി വന്ന ആന ജനവാസ മേഖലകളിലൂടെ ഇറങ്ങി പാടാൻ കവലയിൽ നിന്നും കുന്നത്തൂർ റോഡിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് റോഡിന്റെ സൈഡിലുള്ള കാർഷിക വിളകൾ നശിപ്പിച്ചു.

പുതിയപുരയിൽ ബാലകൃഷ്ണന്റെ കൃഷി സ്ഥലത്തെ വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ്, റബ്ബർ എന്നിവയും, കയ്യാലകളും നശിപ്പിച്ച് ഫോറസ്റ്റിൽ കയറി. രണ്ട് ദിവസം അവിടെ തങ്ങിയ ആനകൾ വീണ്ടും രാത്രിയിൽ തിരികെ ഇറങ്ങി ഈ പ്രദേശത്തുള്ള കൃഷികൾ നശിപ്പിച്ചു. ഭാഗ്യവശാൽ ജനങ്ങൾ കണ്ടതിനാൽ പാടാൻ കവലയിലുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയും ഫോറസ്റ്റർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനയേ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു.

വൈദ്യുതി വേലി അകലെ

കൊവിഡ് രോഗ ഭീതിയിൽ ദിവസങ്ങളോളം ജോലി നഷ്ടപ്പെട്ട കർഷകന് ഇരുട്ടടിയാണ് കാട്ടുമൃഗ ശല്യം. ഇവയെ ഭയന്ന് കാർഷിക വൃത്തിയും, നൂറ് കണക്കിന് ഏക്കർ കൃഷിസ്ഥലവും ഉപേക്ഷിച്ച് ജനങ്ങൾ ടൗണിലേക്ക് ചേക്കേറുകയാണ്. നിരവധി നിവേദനങ്ങളും, പരാതികളും നൽകിയെങ്കിലും വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരമില്ല. വൈദ്യുതി വേലിക്ക് ഫണ്ട് അനുവദിച്ചുവെന്ന് രണ്ട് വർഷത്തിലധികമായി പറയുന്നുണ്ടെങ്കിലും നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ പദ്ധതി നടപ്പിലായിട്ടില്ല.