kakka
ഇടയിലെക്കാട് പുഴയിൽ കക്ക ശേഖരിക്കുന്ന തൊഴിലാളികൾ

കണ്ണൂർ: തീരദേശവാസികൾ ട്രോളിംഗ് നിരോധനം മറികടക്കാനുള്ള ശ്രമത്തിലാണ്. വലിയ പ്രതിസന്ധിയെ അതിജീവിച്ച് ജീവിതം നയിക്കുന്നവരാണ് കടലിന്റെ മക്കൾ. ട്രോളിംഗ് നിരോധനവും ലോക്ക് ഡൗണും തീരദേശ മേഖലയുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെങ്കിലും, സാഹചര്യത്തോട് പൊരുതി ജീവിക്കാൻ ഇതരമാർഗങ്ങൾ അവർ സ്വയം തിരഞ്ഞെടുക്കുന്നു. കക്ക വാരിയും മുരു ഇറച്ചി ശേഖരിച്ചും നിത്യച്ചെലവിനുള്ള വക കണ്ടെത്താൻ നിരവധിപേരാണ് ഇറങ്ങിയിരിക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് മത്സ്യബന്ധനം നടത്താൻ കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിന് ഇളവ് വന്നിട്ട് കേവലം ദിവസങ്ങൾ മാത്രമേ ഇവർക്ക് ഉപജീവനത്തിന് കടലിൽ പോകാൻ സാധിച്ചുള്ളു. അപ്പോഴേക്കും പതിവ് ട്രോളിംഗ് നിരോധനവുമായി. വല്ലപ്പോഴും കിട്ടുന്ന സൗജന്യത്തിന് കാത്തുനിൽക്കാതെ ഉപജീവനത്തിനായി പുഴയിലേക്കും കായലിലേക്കും ഇറങ്ങുകയാണിവർ. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് പുഴയിൽ ചെളി കൂടുതലായത് വേണ്ടത്ര കക്ക ശേഖരിക്കാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

വലുപ്പം കുറഞ്ഞു

കക്കയുടെ വലുപ്പത്തിൽ കുറവ് സംഭവിച്ചതായി തൊഴിലാളികൾ പറയുന്നു. ഇത് ഇവരെ കാര്യമായി ബാധിക്കുന്നുണ്ട്. കക്ക ഇറച്ച് എടുത്തും പുറംതോടുകൂടിയും മാർക്കറ്റിൽ എത്തിക്കുകയാണ് തൊഴിലാളികൾ ചെയ്യുന്നത്. മത്സ്യക്കുറവ് കാരണം ഇതിന് ഡിമാന്റുമുണ്ട്. മാത്രമല്ല ഐസോ മറ്റ് സംവിധാനങ്ങളോ ചേർക്കാതെ മായമില്ലാതെ ലഭിക്കുന്ന കക്ക ഇറച്ചി വാങ്ങുന്നവരിലും വിശ്വാസ്യത ഉണ്ടാക്കുന്നുണ്ട്.

കക്ക ശേഖരിക്കുന്ന പ്രധാന കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിൽ തലശ്ശേരി, ധർമ്മടം, വളപട്ടണം

കാസർകോട് ജില്ലയിൽ ചെറുവത്തൂർ, നീലേശ്വരം,​ ബേക്കൽ

മത്സ്യത്തിന് ക്ഷാമം നേരിട്ടതോടെ കക്ക ഇറച്ചിക്ക് വൻ ഡിമാന്റുണ്ട്.

മത്സ്യ തൊഴിലാളികൾ