കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ ജീവനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഡിപ്പോയിലെ 40 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഡിപ്പോയിലെ മുഴക്കുന്ന് സ്വദേശിയായ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ തൊഴിലാളികളുടെ വിശ്രമ മുറി ഉപയോഗിച്ചിരുന്നു. ഓഫീസുകളും ബസുകളും അണുവിമുക്തമാക്കുകയും ചെയ്തു. ജീവനക്കാരുടെ കുറവ് ഡിപ്പോയിൽനിന്ന് നടത്തുന്ന സർവ്വീസുകളെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ 63 സർവ്വീസുകളാണ് പോകുന്നത്. 40 ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ 20 ഓളം സർവ്വീസുകൾ നിർത്തിവച്ചു.

260 ഡ്രൈവർമാരും 230 കണ്ടക്ടർമാരുമാണ് ഡിപ്പോയിലുള്ളത്. പല കാരണങ്ങളാലും അവധിയിൽ പോയവരുമുണ്ട്. കോർപ്പറേഷന്റെ പതിവ് സർവ്വീസുകളെ കൂടാതെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്ന റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ഇപ്പോൾ ഓടുന്നുണ്ട്. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നവരെയും അന്യ സംസ്ഥാന തൊഴിലാളികളെ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുന്നതും കോർപ്പറേഷന്റെ ബസുകളിലാണ്.