തൃക്കരിപ്പൂർ: എതിരാളികളുടെ ഗോൾവലകളിൽ മിന്നൽപ്പിണർ തീർക്കാനും പന്തുമായി ഗോൾമുഖം ലക്ഷ്യമാക്കി ചീറിവരുന്ന കൊലക്കൊമ്പൻമാരെ തടുക്കാനും മാത്രമല്ല മണ്ണിന്റെ മനസ്സറിഞ്ഞ് വിളവിറക്കാനും കഴിയുമെന്ന് തെളിയിച്ച് ഒരു കൂട്ടം കാൽപ്പന്തുകളിക്കാർ. എടാട്ടുമ്മൽ കിഴക്കെക്കര പാടശേഖരത്തിലെ ഒരേക്കറോളം വരുന്ന വയലിൽ ഞാറു നട്ടാണ് എടാട്ടുമ്മൽ ഫുട്ബാൾ കൂട്ടായ്മ വ്യത്യസ്ത മേഖലയിൽ കൈയടി നേടാനിറങ്ങിയത്.
മുൻ കേരള പൊലീസ് താരവും കോച്ചുമായ പി. കുഞ്ഞികൃഷ്ണൻ, വർഷങ്ങളായി കെൽട്രോണിന്റെ ഗോൾവലയം കാത്ത് ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ഇടം തേടിയ സി. തമ്പാൻ, സുഭാഷ് സ്പോർട്സ് ക്ലബ്ബിന്റെ മുൻ താരങ്ങളായ ടി. ദാമോദരൻ, പി. രാജൻ, സി.നാരായണൻ, എം. നാരായണൻ എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയിറക്കിയത്. ബൂട്ടും ജേഴ്സിയും ധരിച്ച് കളിക്കളത്തിലിറങ്ങിയ താരങ്ങൾ വയലിലെ ചെളിവെള്ളത്തിൽ കാലുറപ്പിക്കാൻ ആദ്യമൽപം ക്ളേശിച്ചുവെങ്കിലും മോശമാക്കിയില്ല. കഴിഞ്ഞ വേനലിൽ 50 സെന്റ് സ്ഥലത്ത് പയറും വെള്ളരിയുമടങ്ങുന്ന പച്ചക്കറി കൃഷി നടത്തിയുള്ള പോസിറ്റീവ് അനുഭവമാണ് ഈ യുവ കൂട്ടായ്മക്ക് ഊർജ്ജം.