പരീക്ഷ എഴുതിയത് 12864 വിദ്യാർത്ഥികൾ
മൂല്യനിർണയം നടത്തിയത് 63663 ഉത്തരപേപ്പറുകൾ
കണ്ണൂർ: സർവകലാശാലയ്ക്ക് കീഴിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ബിരുദ ഫലപ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി മാറിയിരിക്കുകയാണ് കണ്ണൂർ സർവകലാശാല. കൊവിഡ് 19 പശ്ചാത്തലത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന മുഴുവൻ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് ഫലപ്രഖ്യാപനം നടത്തുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019-20 വർഷത്തെ പരീക്ഷാ കലണ്ടർ പ്രകാരം ഏപ്രിൽ 30ന് ഫലപ്രഖ്യാപനം നടത്തേണ്ടിയിരുന്നതാണ്. എന്നാൽ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് തുടങ്ങാനിരുന്ന മാർച്ച് 24ന് രാജ്യത്ത് ലോക്ക്ഡൗൺ തുടങ്ങിയത് വെല്ലുവിളിയായി. മാർച്ച് 10ന് പരീക്ഷകൾ പൂർത്തിയായ അവസാന സെമസ്റ്റർ ഉത്തരപ്പേപ്പറുകൾ മൂല്യനിർണയം തുടങ്ങിയത് മേയ് 27ന്. പതിനൊന്ന് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയം ജൂൺ ആറോടു കൂടി അധ്യാപകർ പൂർത്തിയാക്കി മാർക്ക് സർവറിൽ അപ്‌ലോഡ് ചെയ്തു. ജൂൺ 10ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലപ്രഖ്യാപനത്തിന്റെ അവസാനഘട്ട തീരുമാനങ്ങളെടുത്തു. 12864 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 53.7 ആണ് വിജയശതമാനം.
ബി.എ, ബി.എസ്.ഡബ്ല്യു ഫലം രാവിലെ 10നും ബി.എസ്‌സി, ബിസിഎ ഫലം ഉച്ചയ്ക്ക് 2 നും, ബി.കോം, ബി.ബി.എ ഫലം നാളെ രാവിലെ 10 നും സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ലോക്ക്ഡൗൺ കാരണം മുടങ്ങിയ വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ പരീക്ഷകൾ ജൂൺ 29ന് അഫിലിയേറ്റഡ് കോളേജുകളെ കേന്ദ്രങ്ങളാക്കി നടത്തി ഉടൻ മൂല്യനിർണയം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. ഇതുകൂടി പ്രസിദ്ധീകരിച്ച ശേഷമായിരിക്കും അടുത്ത അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനം.
പ്രൊ. വൈസ് ചാൻസലർ ഡോ. പി.ടി രവീന്ദ്രൻ, പരീക്ഷാ മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ കൂടിയായ സിൻഡിക്കേറ്റ് അംഗം ഡോ. കെ അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ എ. നിശാന്ത്, ഡോ. ടി.പി. അഷ്റഫ്, ഡോ. വി.എ വിൽസൺ, പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.