ആലക്കോട് (കണ്ണൂർ): മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലക്കോട് തിമിരി ശിവക്ഷേത്രത്തിന്റെ 250 ഏക്കർ ഭൂമി മുംബയിലെ ഒരു സ്വകാര്യകമ്പനിക്ക് പാട്ടത്തിനു നൽകാനുള്ള നീക്കം വീണ്ടും സജീവം.നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തത്കാലം നിർത്തിവച്ച ഇടപാട് ഭൂമാഫിയയുടെ ഇടപെടലിനെ തുടർന്ന് വീണ്ടും സജീവമാകുകയാണ്.
മുംബയിലെ കമ്പനിയുടെ ഏജന്റുമാർ നാട്ടുകാരെ കണ്ട് അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറിയിൽ നടത്തിവരുന്നുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കാസർകോട് ഡിവിഷനിൽ ഉൾപ്പെടുന്ന ക്ഷേത്രത്തിന്റെ അധീനതയിലുള്ള മുഴുവൻ സ്ഥലവും ഇതോടെ സ്വകാര്യവ്യക്തിയുടെ കൈകളിലേക്ക് വരും.
കഴിഞ്ഞ വർഷമാണ് ദേവസ്വം ഭൂമി 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാൻ നീക്കം തുടങ്ങിയത്. ഭൂമി പാട്ടത്തിന് നൽകാനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മുംബയ് കമ്പനിയുടെ താത്പര്യം കോഴിക്കോട് ദേവസ്വം കമ്മീഷണറെ രേഖാമൂലം അറിയിച്ചിരുന്നു. ചട്ടപ്രകാരം കാസർകോട് അസി. കമ്മിഷണർ മുഖേനയാണ് ഇത് കമ്മിഷണർക്ക് സമർപ്പിക്കേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ ചട്ടം പാലിച്ചിരുന്നില്ല.
ക്വട്ടേഷൻ വിളിച്ചതാണെന്ന് സാങ്കേതികമായി പറയുവാൻ വേണ്ടി മാത്രം കഴിഞ്ഞ വർഷം പത്രപരസ്യം നൽകുകയായിരുന്നു. പാട്ടം നൽകുന്ന സ്ഥലത്തിന്റെ കൃത്യമായ അളവു പോലും പറയാതെയാണ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നത്. ഇങ്ങനെ ക്വട്ടേഷൻ നൽകുവാൻ ക്ഷേത്രം ട്രസ്റ്റി ബോർഡിനോ എക്സിക്യൂട്ടീവ് ഓഫീസർക്കോ അധികാരമില്ലെന്നിരിക്കെ ഇത് ഏറെ വിവാദമായിരുന്നു.
സോളാർപാടത്തിനെന്ന്
മുംബയ് ആസ്ഥാനമായ കമ്പനിക്ക് സോളാർപാടം നിർമ്മിക്കുന്നതിനാണ് സ്ഥലം പാട്ടത്തിന് നൽകുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. 25 വർഷത്തേക്ക് പാട്ടത്തിന് നൽകുകയെന്ന് പറയുമ്പോഴും അതിൽ കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയും ഉടമസ്ഥാവകാശവും പാട്ടമെടുത്തയാൾക്കായിരിക്കും. ഭാവിയിൽ ഇവരെ ഒഴിപ്പിക്കുന്നത് വലിയ നിയമ പ്രശ്നത്തിലേക്ക് വഴി തുറക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൻ വാഗ്ദാനങ്ങളും
നാട്ടുകാരുടെ വായമൂടിക്കെട്ടാൻ കമ്പനി വൻ വാഗ്ദാനങ്ങളും നടത്തുന്നുണ്ട്. ഈയിടെ ഇവിടെയെത്തിയ കമ്പനിയുടെ പ്രതിനിധികൾ നാട്ടുകാർക്ക് ജോലിയാണ് വാഗ്ദാനം ചെയ്തത്. ഇതിനു പുറമെ ക്ഷേത്രത്തിന് വർഷം മൂന്നു കോടിയോളം വരുമാനം ലഭിക്കുമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ട്.