കാസർകോട്: കൊവിഡ് ലോക്ക് ഡൗണിന്റെ മറവിൽ അവശ്യസാധനങ്ങൾക്കടക്കം കൊള്ളവില ഈടാക്കുന്നത് തടയാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നടത്തിവന്നിരുന്ന വിജിലൻസ് റെയ്ഡ് ആഴ്ചയിൽ ഒന്നായി ചുരുക്കി. അവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിവന്നിരുന്ന നിരന്തര പരിശോധനയാണ് വിജിലൻസ് വെട്ടിച്ചുരുക്കിയത്.

വ്യാപകമായ പരിശോധനയുടെ പശ്ചാത്തലത്തിൽ വ്യാപാരികൾ കൊള്ളലാഭം എടുക്കുന്നത് കുറഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കുറക്കാൻ നിർദ്ദേശം നൽകിയത്. ലോക്ക് ഡൗൺ കാലത്ത് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്ന വിജിലൻസിന്റെ പ്രത്യേക കൊവിഡ് സ്‌ക്വാഡും പിരിച്ചുവിട്ടു. ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാൻ നിർദ്ദേശം നൽകിയപ്പോൾ അനധികൃതവിലക്കയറ്റത്തെ സംബന്ധിച്ച് ആക്ഷേപം ശക്തമായിരുന്നു.

ഇതേ തുടർന്നാണ് മാർച്ച് 30 മുതൽ വിജിലൻസിന്റെ പ്രത്യേക ടീമിന്റെ നേതൃത്വത്തിൽ ദിവസവും റെയ്ഡിനിറങ്ങിയത്. മറ്റ് അഴിമതി വിരുദ്ധ ജോലികൾ നിർത്തിവച്ചായിരുന്നു ഈ പരിശോധന. വിജിലൻസ് റെയ്ഡിൽ കണ്ടെത്തുന്ന വിവരങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ അധികൃതർക്കും ലീഗൽ മെട്രോളജി മേധാവികൾക്കുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വിജിലൻസ് നിർദ്ദേശ പ്രകാരം കടകളിലെല്ലാം വിലവിവര പട്ടിക പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ കൊവിഡ് ഡ്യൂട്ടിക്ക് പൊലീസിനെ സഹായിക്കാൻ പോയിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ തിരിച്ചുവന്നിട്ടുണ്ട്. വിജിലൻസിൽ പകുതിപേരും കൊവിഡ് ഡ്യൂട്ടിയിലായിരുന്നു.


മധൂരിൽ റെയ്ഡ്

മധൂർ പഞ്ചായത്തിലെ സീതാംഗോളി, ഉളിയത്തടുക്ക ഭാഗങ്ങളിലെ കടകളിൽ കാസർകോട് വിജിലൻസ് സി.ഐ സിബി തോമസ്, സുഭാഷ് ചന്ദ്രൻ, സുരേഷ്, ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വ്യത്യസ്ത വിലകൾ ഈടാക്കുന്നതായി കണ്ടെത്തി. റെയ്ഡിൽ കണ്ടെത്തിയ വിവരം ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപെടുത്തി. കടയുടമകൾ സാധനങ്ങൾ കൊണ്ടുവരുന്നത് പലയിടങ്ങളിൽ നിന്നായാലും ഇങ്ങനെ സംഭവിക്കാമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.