കണ്ണൂർ: വൈദ്യുതി ചാർജ് വൻതോതിൽ വർദ്ധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനപ്രകാരം കണ്ണൂരിലും ഇന്ന് രാത്രി 9 മണിക്ക് മൂന്ന് മിനുട്ട് നേരം വൈദ്യുതി വിളക്കുകൾ അണച്ച് പ്രതിഷേധിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈറ്റ്സ് ഓഫ് കേരള എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് ജോലിയും കൂലിയും വരുമാനമാർഗങ്ങളും നഷ്ടപ്പെട്ട ഘട്ടത്തിലാണ് ജനങ്ങളെ ഷോക്കടിപ്പിച്ച് ഉയർന്ന വൈദ്യുത ബില്ല് കെട്ടിവയക്കുന്നത്. കെ.എസ്.ഇ.ബി നടത്തുന്ന കൊള്ള അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി. മുസ്തഫ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, സി.എം.പി നേതാവ് സി.എ അജീർ, അഡ്വ. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു