പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ മാലിന്യപ്ലാന്റിൽ നിന്നും മലിനജലം ഒഴുകിയെത്തി, അക്കാഡമിയോട് തൊട്ടുകിടക്കുന്ന
രാമന്തളി ജനവാസ കേന്ദ്രത്തിലെ കിണറുകൾ മലിനമാകുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. മാലിന്യ വിരുദ്ധ സമരം നടത്തിയ ജന ആരോഗ്യ സംരക്ഷണസമിതിക്ക് അക്കാഡമി അധികൃതർ രേഖാമൂലം ഉറപ്പുനൽകിയ, മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പുതിയ പ്ലാന്റുകളുടെ നിർമ്മാണം അടുത്ത ദിവസം ആരംഭിക്കും. ജന ആരോഗ്യ സംരക്ഷണ സമിതി മുന്നോട്ടുവെച്ച മാലിന്യ പ്ലാന്റ് വികേന്ദ്രീകരണമെന്ന ആശയം അംഗീകരിച്ച നേവൽ അധികൃതർ ഇത്തരത്തിൽ നാലു പ്ലാന്റുകൾ നിർമ്മിച്ച് നിലവിലെ പ്ലാന്റ് നിർജ്ജിവമാക്കാമെന്ന് ഉറപ്പുൽകിയിരുന്നു.
ഇതിൽ രണ്ടു പ്ലാന്റിന്റെ നിർമ്മാണമാണ് അടുത്ത ദിവസം ആരംഭിക്കുക. പ്രതിദിനം 20 ലക്ഷം ലിറ്റർ മലിനജലം ഉൾക്കൊള്ളുന്നതാണ് നിലവിലെ പ്ലാന്റ്. ഇത് വിഭജിച്ച് 8 ലക്ഷവും 5 ലക്ഷവും വീതം മലിന ജലം ഉൾക്കൊള്ളുന്ന ട്രീറ്റ്മെന്റ് പ്ലാന്റാണ് പുതുതായി നിർമ്മിക്കുക.
ജനവാസ കേന്ദ്രത്തിൽ നിന്നും മാറി പഴയ ആവി, പൂച്ചാൽ പ്രദേശങ്ങളിലാണ് പുതിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്. നേവൽ ഓഫീസേർസ് കോംപ്ലക്സ് , ഓഫീസേർസ് മെസ്, കാഡറ്റ് താമസ സ്ഥലം, മെസ് എന്നിവിടങ്ങളിലെ മലിനജലം പുതിയ പ്ലാന്റിലേക്കാണ് എത്തുക. ഇതോടെ നിലവിലെ പ്ലാന്റിൽ ചെറിയ ശതമാനം മലിനജലം മാത്രമെ ശുദ്ധീകരണത്തിനായി എത്തുകയുള്ളു. ബാക്കി രണ്ട് പ്ലാന്റ് കൂടി നിർമ്മിച്ചാൽ നിലവിലെ പ്ലാന്റ് ഒഴിവാക്കും.
90 ദിവസം നീണ്ടു നിന്ന സമരം
അക്കാഡമിയിലെ മാലിന്യപ്ലാന്റിൽ നിന്നുള്ള മലിനജലം ഒഴുകി എത്തി ജനവാസ കേന്ദ്രത്തിലെ കുടിവെള്ളം മലിനമാകുന്നതിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി 90 ദിവസം നീണ്ടു നിന്ന സമരം നടത്തിയിരുന്നു. പ്ലാന്റ് വികേന്ദ്രീകരണം നടത്തി പുതിയ പ്ലാന്റുകൾ നിർമ്മിക്കാമെന്ന് നേവൽ അധികൃതർ നൽകിയ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്.
മാലിന്യ വിരുദ്ധ സമരത്തെ തുടർന്ന് പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനു ശേഷം കിണറുകളിൽ മാലിന്യ പ്രശ്നം ഉണ്ടായിട്ടില്ല. പുതിയ പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.