തളിപ്പറമ്പ്: ഈ മഴക്കാലത്ത് ഹംസയ്ക്കും കുടുംബത്തിനും ഭയമില്ലാതെ സ്വന്തം വീട്ടിൽ കഴിയാം. കഴിഞ്ഞ പ്രളയത്തിൽ പുഴ വഴിമാറി ഒഴുകി കുറുമാത്തൂർ കോട്ടുപുറം അംഗൻവാടിക്ക് സമീപത്തെ ഹംസയുടെയും കുടുംബത്തിന്റെയും 15 സെന്റോളം സ്ഥലം പുഴയെടുത്തു പോയിരുന്നു. ഇതോടെ പുഴയും ഹംസയുടെ വീടും കിണറും തമ്മിൽ 7 മീറ്റർ മാത്രമായി അകലം.

ഈ മഴക്കാലത്ത് കുടുംബത്തിന്റെ വീട് പുഴയെടുക്കുമെന്ന ഭീതിയിലിരിക്കെയാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിൽ നിന്നും എക്കൽമണ്ണ് നീക്കംചെയ്ത് സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയിരിക്കുന്നത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ചിൽ പുഴയോരഭാഗത്ത് നിലവിലുള്ള കരയിടിച്ചൽ ഭീഷണി കണക്കിലെടുത്ത് സംരക്ഷണഭിത്തി നിർമ്മാണത്തിന് ജെയിംസ് മാത്യു എം.എൽ.എ മേജർ ഇറിഗേഷൻ പദ്ധതിയിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുളള ശ്രമം നടത്തിയെങ്കിലും ഈ സാഹചര്യത്തിൽഫണ്ട് ലഭ്യമായില്ല.

ഇത്തവണ മഴയെത്തുന്നതിനു മുന്നേ ഈഭാഗത്ത് പുഴയിലെ എക്കൽമണ്ണ് നീക്കം ചെയ്യാൻ കളക്ടർ ഇടപെട്ട് തീരുമാനമെടുത്തിരുന്നു. എന്നാൽ കൊവിഡ് വ്യാപനം തടയുന്നതിന് സമ്പൂർണ്ണ ലോക്ക് ഡൗൺ നിലവിൽ വതോടെ മണ്ണ് നിക്കംചെയ്യുന്നത് മുടങ്ങിയത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ വീണ്ടും ഹംസയുടെ വീടിനോട് ചേർന്ന ഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീണ് ജീവനും സ്വത്തിനും വീണ്ടും ഭീഷണി ഉയർന്നു. ഇതോടെയാണ് പ്രായമായ ഉമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ഹംസയുടെ കുടുംബത്തിന് താങ്ങായി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളാരംഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും വാർഡ് അംഗം എൻ.പി റസാക്ക് ചെയർമാനായും കെ.പി ശാദുലി കൺവീനറായുമുളള ജനകീയ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കും. തെങ്ങ്, പന എന്നിവ ഉപയോഗിച്ച് തൂണുകൾ നാട്ടി. അതിൽ എക്കൽ മണ്ണ് നിറച്ച ചാക്കുകൾ കൊണ്ടാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ ദുരന്ത നിവാരണഫണ്ട് ഉപയോഗിച്ച് ആലപ്പുഴയിൽ നിന്നും കൊണ്ടുവന്ന ഫ്‌ലോട്ടിംഗ് ബാർജും ഹിറ്റാച്ചിയും കൊണ്ട് പുഴയിൽ നിന്നും എക്കൽമണ്ണ് നിക്കം ചെയ്യാൻ തുടങ്ങി.