കണ്ണൂർ: മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി ഇ ക്ലാസ് ചലഞ്ച്. സ്‌കൂൾ പഠനം ഓൺലൈനിലേക്ക് മാറിയത് ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് വെല്ലുവിളിയായപ്പോഴാണ് ജില്ലയിൽ ഇ ക്ലാസ് ചലഞ്ച് ആരംഭിച്ചത്. പൊതുകേന്ദ്രങ്ങൾ വഴിയും മറ്റു സംവിധാനങ്ങൾ വഴിയുമായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 6520 വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ പഠന സൗകര്യം ഒരുക്കാൻ സാധിച്ചു.
3.38 ലക്ഷം വിദ്യാർത്ഥികളാണ് ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി ജില്ലയിലുള്ളത്. 534 പൊതു കേന്ദ്രങ്ങളാണ് ഇതുവരെയായി സ്ഥാപിച്ചത്. 540 ടി വികളും 28 സ്മാർട്ട് ഫോണുകളും 82 ലാപ്‌ടോപ്പുകളും 12 ടാബ്‌ലെറ്റുകളും വിദ്യാർത്ഥികൾക്കായി നൽകി. സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട 1896 വിദ്യാർത്ഥികൾക്കായി ഇന്റർനെറ്റ് സൗകര്യമൊരുക്കാനും ഇ ക്ലാസ് ചലഞ്ച് പദ്ധതിയിലൂടെ സാധിച്ചു. ആദിവാസി മേഖലകളിൽ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാത്ത 1651 വിദ്യാർത്ഥികൾക്കായി 165 പൊതുകേന്ദ്രങ്ങൾ സ്ഥാപിച്ചു. 62 ടിവികളും 39 ലാപ്പ്‌ടോപ്പുകളും 21 ടാബ്‌ലെറ്റുകളും 2 സ്മാർട്ട് ഫോണുകളും നൽകി. 617 വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് ലഭ്യതയും ഉറപ്പുവരുത്തി.
പൊതുകേന്ദ്രങ്ങൾ വഴി പഠന സൗകര്യമൊരുക്കിയതിൽ ഇരിട്ടി ഉപജില്ലയാണ് മുന്നിൽ. 89 കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയത്. മട്ടന്നൂർ, കൂത്തുപറമ്പ്, ഇരിക്കൂർ എന്നീ ഉപജില്ലകളാണ് തൊട്ടു പിന്നിലായുള്ളത്.
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ 21 പൊതു കേന്ദ്രങ്ങൾ ആരംഭിച്ചു. ആറളം ഫാം, വെളിമാനം, ഇരിട്ടി, പാല, കണിച്ചാർ, ഇടവേലി എന്നി സ്‌കൂളുകളിൽ പഠിക്കുന്ന 830 കുട്ടികൾക്കാണ് സെന്ററുകളിൽ സൗകര്യം ഒരുക്കിയത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ടി.വി ചാലഞ്ചിലൂടെ ശേഖരിച്ച 64 ടെലിവിഷൻ സെററുകൾ വിതരണം ചെയ്തു.