മാഹി: കാൽനൂറ്റാണ്ട് മുമ്പ് പുതുച്ചേരി കൃഷിവകുപ്പ് ചെറുകല്ലായി കുന്നിൻ ചെരുവിൽ ലക്ഷങ്ങൾ ചെലവഴിച്ച് ആരംഭിച്ച മാഹി അഗ്രിക്കൾച്ചർ നഴ്‌സറി ഇന്ന് കാടുകയറി മയ്യഴിയിലെ സംരക്ഷിത വനമേഖലയായി മാറി.
രാത്രി കാലമായാൽ മദ്യപരുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി ഇവിടം മാറിയിട്ട് കുറച്ച് കാലമായി. മുള്ളൻപന്നി, കാട്ടുപൂച്ച, കുറുക്കന്മാർ, തെരുവ് പട്ടികൾ, ഇഴജീവികൾ എന്നിവയുടെ വിഹാരകേന്ദ്രം കൂടിയാണിത്.
രാത്രി കാലമായാൽ പരിസരവാസികൾക്ക് ഇവിടം പേടി സ്വപ്നമാണ്. വൈദ്യുതി വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളേറെയായി. ശ്മശാനഭൂമി കണക്കെയുള്ള ഈ നഴ്‌സറിയിൽ ഇപ്പോൾ ഒന്നും നടക്കുന്നില്ല. മാഹി കൃഷി വകുപ്പിലെ ഒരു ഫീൽഡ് സ്റ്റാഫിനാണ് നഴ്‌സറിയുടെ ചുമതല നൽകിയിട്ടുള്ളത്. ഏറെ പ്രതീക്ഷകളോടെ വിശാലമായ കുന്നിൻ ചെരുവിൽ ആരംഭിച്ച നഴ്‌സറി ആദ്യ കാലത്ത് ഹരിതമയ്യഴിയുടെ അഭിമാനമായിരുന്നു.
ഇരുനൂറിൽപരം വൈവിദ്ധ്യമാർന്ന ഔഷധസസ്യങ്ങൾ, പുഷ്പിത സസ്യങ്ങൾ, അലങ്കാര ചെടികൾ, ഗുണനിലവാരമുള്ള തെങ്ങിൻതൈകൾ, ഫലവൃക്ഷങ്ങൾ, കുരുമുളക്, പച്ചക്കറിതൈകൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുകയും, കർഷകർക്ക് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു.ഓഫീസ് കെട്ടിടത്തിന് പുറമെ വിശാലമായ മഴ മറയും, കാർഷികോത്പന്നങ്ങൾ ലേലം ചെയ്തു വിൽക്കാനുള്ള ഹാളും ഇവിടെയുണ്ട്. നേരത്തെ പത്തോളം ജീവനക്കാരുമുണ്ടായിരുന്നു.
കാർഷിക മേഖലയെ കൈവിട്ടു
ദശകങ്ങളായി നാട്ടുത്സവം പോലെ നടത്തിവന്ന പുഷ്പഫല സസ്യ പ്രദർശനവും ഏതാനും വർഷമായി നടക്കുന്നില്ല. സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തിരുന്ന വളവും, പണിയായുധങ്ങളും ഇപ്പോഴില്ല. സൗജന്യ വിത്ത് വിതരണം, കർഷക സെമിനാറുകൾ, ശിൽപ്പശാലകൾ, ബോധവൽക്കരണ ക്ലാസുകൾ, പഠന യാത്രകൾ എന്നിവയും ഇല്ലാതായി.
ഓഫീസിന് താഴിട്ടു
മാഹി കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടരുടെ തസ്തിക ഒഴിഞ്ഞ് കിടപ്പാണ്. ഫീൽഡ് തസ്തികകളും നികത്തിയിട്ടില്ല. മയ്യഴിപ്പുഴയോരത്ത് മഞ്ചക്കലിലുണ്ടായിരുന്ന കൃഷി ഓഫീസ് ഇതിനകം അടച്ചു പൂട്ടിക്കഴിഞ്ഞു. മയ്യഴിയിലെ കാർഷിക മേഖലയോട് പുതുച്ചേരി സർക്കാർ അനുവർത്തിക്കുന്ന കടുത്ത അവഗണനയുടെ ദൃഷ്ടാന്തമാണിത്.