കാസർകോട്: സമസ്തയുടെ തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ളാമിയ അനാഥ അഗതി മന്ദിരത്തിന്റെ കീഴിലുള്ള 2.3 ഏക്കർ ഭൂമിയും അവിടെ പ്രവർത്തിച്ചിരുന്ന സ്കൂൾ കെട്ടിടവും എം.എൽ.എ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ട്രഷററുമായ ടാസ്ക് കോളേജ് ട്രസ്റ്റിന് കൈമാറിയ സംഭവം നിയമ കുരുക്കിലേക്ക്. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും കാസർകോട് ജില്ലാ രജിസ്ട്രാർക്കും പടന്നയിലെ പൊതുപ്രവർത്തകനായ കെ.എം ഷംസുദ്ദീൻ പരാതി നൽകി.

രജിസ്ട്രേഷനിൽ കൃത്രിമം നടന്നുവെന്നും അതിന്റെ പിന്നിൽ നടന്ന ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. വഖഫ് ഭൂമിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ കഴിഞ്ഞ അഞ്ച് വർഷമായി സമസ്തയുടെ യുവജന സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു. സ്കൂൾ അടച്ച് പൂട്ടാൻ കഴിഞ്ഞ വർഷം തന്നെ ജാമിഅ സഅദിയ ഇസ്ലാമിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. അഞ്ച് വർഷത്തിനിടെ പുതിയ കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഒരു കോടി രൂപയോളം ചെലവഴിച്ചിരുന്നു. ഇതിനിടയിൽ ലീഗ് നേതാക്കൾ ജാമിഅ ഭാരവാഹികളുമായി രഹസ്യമായി ചർച്ച തുടങ്ങിയെന്നാണ് ആരോപണം.

ഇതിനിടെ ട്രസ്റ്റ് ഭാരവാഹികൾ തിങ്കളാഴ്ച തൃക്കരിപ്പൂരിൽ വാർത്താസമ്മേളനം വിളിക്കുകയും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത മൂലം അവസാന നിമിഷം പിൻമാറുകയും ചെയ്തു. ലീഗിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും ഈ ഇടപാടിന് എതിരാണെന്നാണ് അറിയുന്നത്. വഖഫ് സ്വത്ത് ആയത് കൊണ്ട് കൈമാറ്റം റദ്ദ് ചെയ്ത് ഭൂമി തിരികെ നൽകുക മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഏക പോംവഴിയെന്ന് തൃക്കരിപ്പൂരിലെ ഒരു ലീഗ് നേതാവ് പറഞ്ഞു.

അഗതി മന്ദിരത്തിന്റെ ഭൂമി വാങ്ങിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയതായും അറിയുന്നുണ്ട്. വിവാദങ്ങളെ തുടർന്ന് പ്രവർത്തനം താളംതെറ്റിയ സ്കൂൾ ജീവനക്കാരുടെ ശമ്പളത്തിൽ ഒരു വിഹിതം ഇന്നലെ വിതരണം ചെയ്തു. 30000 രൂപ 15 ജീവനക്കാർക്ക് നൽകിയെന്നാണ് വിവരം. ഫെബ്രുവരി 26 ന് ആണ് കോഴിക്കോട് കേന്ദ്രമായ ട്രസ്റ്റിന് സ്വത്ത്‌ രജിസ്റ്റർ ചെയ്തത്. സമസ്ത യുവജന നേതാവ് താജുദ്ധീൻ ദാരിമി, പ്രമുഖ അഭിഭാഷകൻ അഡ്വ. സി. ഷുക്കൂർ എന്നിവർ പരാതി നൽകിയതോടെ ഇടപാടിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു.

കേരള വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂമിയാണ് 30 ലക്ഷം രൂപക്ക് സ്വകാര്യ ട്രസ്റ്റായ തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ആൻ‌ഡ് ചാരിറ്റബിൾ ട്രസ്റ്റിന് രജിസ്റ്റർ ചെയ്ത് കൊടുത്തതെന്നാണ് പരാതി.