കാസർകോട്: മഞ്ചേശ്വരം മിയാപദവിലും പരിസരങ്ങളിലുമായി വർഷങ്ങളായി കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മിയാപദവ് മത്സ്യമാർക്കറ്റ് സമീപത്തെ വിൻസെന്റ് ഡിസൂസ (33)യെ ആണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. മഞ്ചേശ്വരം എസ്.ഐ ബാലചന്ദ്രൻ, എ.എസ്.ഐ രാമചന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ മനു, ഓസ്റ്റിൻ, തമ്പി, തോമസ്,​ രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് ആരുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്. അറസ്റ്റിലായ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.