ചെറുവത്തൂർ: പാരമ്പര്യത്തിന്റെ വഴിയിൽ നിന്ന് മാറി അതിജീവനത്തിന്റെ പുതുരചനയിലാണ് പടന്ന പഞ്ചായത്ത് തെക്കേകാട്ടിലെ പ്രിയദാസൻ എന്ന യുവാവ്. പരമ്പരാഗത മത്സ്യതൊഴിലിൽ നിന്ന് മാറി മത്സ്യക്കൃഷിയിൽ പരീക്ഷണത്തിനിറങ്ങുകയായിരുന്നു പ്രിയദാസൻ. പുഴയുടെ അമ്പത് മീറ്റർ അകലത്തിലാണ് പ്രിയദാസനും കുടുംബവും താമസിക്കുന്നത്. സ്വന്തമായി വലയും വള്ളവുമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കാത്ത കൂടുമത്സ്യ കൃഷിയിൽ രണ്ടും കൽപ്പിച്ച് ഇറങ്ങുകയായിരുന്നു ഇദ്ദേഹം.
ലാഭമായിരുന്നില്ല ആദ്യം പ്രതീക്ഷിച്ചിരുന്നത്. തന്റെ അനുഭവം മറ്റുള്ളവർക്ക് ഒരു വഴികാട്ടിയാകണം. ഈയൊരു ചിന്തയിൽനിന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ കൃഷി ഇന്ന് സ്വന്തമായി ഹാച്ചറിവരെ വളർത്തി എടുക്കുന്നതിലേക്ക് പ്രിയദാസനെ എത്തിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ കാലത്ത് മത്സ്യത്തൊഴിലാളികൾ കടലിലും പുഴയിലും ഇറങ്ങാൻ കഴിയാതെ, സർക്കാരിന്റെ സഹായം കാത്തുനിന്നപ്പോൾ പ്രിയദാസന് അപ്പോഴും നല്ല വരുമാനം ലഭിച്ചിരുന്നു. മത്സ്യക്കൃഷിയിലൂടെയും കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയും. ലോക്ക് ഡൗൺ കാലത്ത് അഞ്ച് സെന്റ് സ്ഥലമുള്ളവർപോലും പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ട് വീട്ടുപറമ്പിൽ കുഴികുത്തി മത്സ്യ കൃഷി തുടങ്ങി.
എല്ലാവരുടെയും ആശ്രയം പ്രിയദാസന്റെ ഹാച്ചറിയിലെ മത്സ്യക്കുഞ്ഞുങ്ങളും അനുഭവവും. അമ്പതും അറുപതും രൂപയ്ക്ക് വൻകിട ഹാച്ചറികളിൽനിന്ന് വിൽപ്പന നടത്തിയിരുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് ഇയാൾ ഈടാക്കുന്നത് പത്ത് മുതൽ ഇരുപത് രൂപവരെയാണ്. വളാഞ്ചി, കരിമീൻ, ചെമ്പല്ലി, വളോടി തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് കൂടുകൃഷിയിലൂടെ വളർത്തി എടുക്കുന്നത്. കലർപ്പില്ലാത്ത, വിഷം ചേർക്കാത്ത മത്സ്യത്തിന് ആളുകളേറെയാണ് പ്രിയദാസനെ തേടി തെക്കേകാട്ടിലേക്ക് എത്തുന്നത്.
അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ പോലും വരുമാനത്തെ ബാധിക്കില്ലെന്നാണ് പ്രിയദാസൻ തന്റെ അനുഭവം സാക്ഷിനിർത്തി പറയുന്നത്. മത്സ്യ മേഖലയിലെ സേവനങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ കർഷക അവാർഡും ഈ യുവാവിനെ തേടി എത്തിയിട്ടുണ്ട്. കൃഷ്ണന്റെയും മാധവിയുടെയും മകനാണ് പ്രിയദാസൻ. സജിതയാണ് ഭാര്യ. മാധവ് കൃഷ്ണയും യാദവ് കൃഷ്ണയും മക്കളാണ്.