കണ്ണൂർ: രോഗവിവരം മറച്ചുവച്ചു സമൂഹത്തിൽ ആശയകുഴപ്പം ഉണ്ടാക്കിയ കൊവിഡ് രോഗിക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് അവകാശപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയർ ഇന്ത്യ ജീവനക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസ്.

കഴിഞ്ഞ 29ന് തില്ലങ്കേരി കാവുമ്പടി സ്വദേശിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങൾക്ക് രോഗമില്ലെന്ന് പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിലൂടെ മുൻപ് നടത്തിയ പരിശോധന ഫലം ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തി ഇയാൾ പ്രചരണം നടത്തുകയായിരുന്നു. ഇത് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കും വലിയതോതിൽ ആശയകുഴപ്പമുണ്ടാക്കിയിരുന്നു.
ഇയാളുടെ ശ്രദ്ധക്കുറവിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി തന്നെ കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 83 പേരും രണ്ടാം പട്ടികയിൽ 56 പേരും ഹൈറിസ്‌ക് സമ്പർക്ക ലിസ്റ്റിൽ 26 പേരുമാണുള്ളത്. ഇയാളുടെ പിതാവിനും അനുജനും പിന്നീട് രോഗം സ്ഥിരീകരിച്ചു. പിതാവിന്റെ മാതാവിനും പിതാവിന്റെ കടയിൽ എത്തിയ കാക്കയങ്ങാട് ആയിച്ചോത്ത് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുമായി ബന്ധപ്പെട്ട 100 കണക്കിന് ആളുകളാണ് തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത നൽകിയ ചില മാദ്ധ്യമ സ്ഥാപനങ്ങളിലും ഇയാൾ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഇത്തരത്തിലുള്ള പരാതികൾ കണക്കിലെടുത്താണ് മുഴക്കുന്ന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത് .