ആലക്കോട്: തിമിരി ശിവക്ഷേത്രത്തിന്റെ ഇരുന്നൂറ്റമ്പതോളം ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുള്ള നീക്കത്തിനു പിന്നിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വൻ സംഘമാണെന്ന് സൂചന. നാട്ടുകാരുടെയും മറ്റും പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ വർഷം നിർത്തിവച്ച ഭൂമി കൈയേറ്റം വീണ്ടും തുടരാൻ ചിലർക്ക് വൻതുക വാഗ്ദാനം ചെയ്തതായാണ് വിവരം.
നേരത്തെ തന്നെ ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം സ്വത്ത് ഭൂമാഫിയകൾ കൈയടക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് തെളിഞ്ഞതാണ്. വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയതിനും നികുതി സ്വീകരിച്ചതിനും പിന്നിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നു.
ഭൂമി മൂന്നു താലൂക്കുകളിൽ
തിമിരി ക്ഷേത്രത്തിന് 500 ഏക്കറോളം ഭൂമിയുണ്ടായിരുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ വിവിധ വില്ലേജുകളിലായാണ് ഇതു വ്യാപിച്ചു കിടന്നിരുന്നത്. എന്നാൽ ക്ഷേത്ര ട്രസ്റ്റിമാർക്ക് ഈ ഭൂമി കണ്ടെത്തുന്നതിനോ, സംരക്ഷിക്കുന്നതിനോ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. 2018ൽ രൂപംകൊണ്ട ക്ഷേത്ര വികസന സമിതിയും പ്രവാസി സംഘവും ക്ഷേത്ര ഭൂമി വീണ്ടെടുക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് ഭൂമാഫിയകളുടെ തട്ടിപ്പും റവന്യൂ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികളും പുറത്തെത്തിച്ചത്.
കാവുകളും നാശത്തിന്റെ വക്കിൽ
ക്ഷേത്ര ഭൂമിയിൽ കുടിയാന്മാർക്ക് കൈവശമുള്ള വസ്തുക്കൾക്ക് ഭൂപരിഷ്‌കരണ നിയമപ്രകാരം ലാൻഡ് ട്രിബ്യൂണൽ പട്ടയം നൽകിയിട്ടുണ്ട്. അനധികൃതമായി ഭൂമി കൈവശം വച്ച് വ്യാജ ജന്മി രശീത് ഉപയോഗിച്ച് പട്ടയം ലഭിച്ച ഒട്ടേറെ പേരുമുണ്ട്. നിലവിൽ ക്ഷേത്രഭൂമിയിൽ പട്ടയത്തിനായി ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷിച്ചവരിൽ ഭൂരിഭാഗവും കൈയേറ്റക്കാരാണ്. ക്ഷേത്രത്തിന്റെ അഞ്ച് കാവുകളും കൈയേറ്റത്തിന്റെ വക്കിലാണ്. കൈയേറ്റം ഒഴിപ്പിക്കാൻ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും വികസന സമിതിയും കളക്ടർക്കടക്കം പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.