കാസർകോട്: ജാമിഅ സഅദിയ്യ ഇസ്ലാമിയ അനാഥ അഗതി മന്ദിരത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂർ മണിയനോടിയിലെ 2.3 ഏക്കർ ഭൂമിയും അതിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ കെട്ടിടവും വഖഫ് ഭൂമിയാണെന്ന് തെളിഞ്ഞാൽ തിരിച്ചുകൊടുക്കാൻ തയ്യാറാണെന്ന് ടാസ്ക് കോളേജ് ട്രസ്റ്റ് ചെയർമാനായ എം.സി. ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടത്തിലായ ഒരു സ്ഥാപനത്തെ രക്ഷിക്കാൻ വേണ്ടിയാണ് കോളേജ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. വഖഫ് ഭൂമിയല്ലെന്ന് ബോധ്യമുണ്ടായിരുന്നെന്നും വഖഫ് ഭൂമിയാണെങ്കിൽ ആ സ്ഥലം വാങ്ങിക്കാൻ ട്രസ്റ്റ് തയ്യാറാകില്ലെന്നും എം.എൽ.എ പറഞ്ഞു. 51 ശതമാനം ഓഹരി സ്ഥലത്തിന്റെ ഉടമയായ പ്രസ്ഥാനത്തിന് തന്നെയാണ്. 49 ശതമാനം ഓഹരി മാത്രമാണ് കോളേജ് ട്രസ്റ്റിനുള്ളത്. പുതിയ ഉടമ്പടി പ്രകാരം ട്രസ്റ്റ് ചെയർമാൻ സ്ഥാനം അവർക്കാണ്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം എം.എൽ.എ നിഷേധിച്ചു.
എം.എൽ.എ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ട്രഷററുമായ ട്രസ്റ്റ് വഖഫ് ഭൂമി നിസാരവിലക്ക് വാങ്ങിച്ചുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ഖമറുദ്ദീൻ നിലപാട് വിശദീകരിച്ചത്. അതിനിടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ സമസ്ത നേതൃത്വം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ചേർന്ന സമസ്ത വിദ്യാഭ്യാസ ബോർഡ് ഉന്നതരായ അഞ്ച് അംഗങ്ങളെ ഇതിനായി അധികാരപ്പെടുത്തി.
ഈ സമിതി ഇരുവിഭാഗങ്ങളെയും വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യും. ഭൂമി രജിസ്‌ട്രേഷൻ സംബന്ധിച്ച ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പടന്നയിലെ പൊതുപ്രവർത്തകൻ കെ.എം ശിഹാബുദ്ധീൻ കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ അന്വേഷണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്.
വഖഫ് ബോർഡ് നോട്ടീസ് അയച്ചു
തൃക്കരിപ്പൂരിലെ സ്ഥലം ഇടപാട് സംബന്ധിച്ച പരാതിയിൽ ആരോപണ വിധേയരായവർക്ക് സംസ്ഥാന വഖഫ് ബോർഡ് നോട്ടീസ് അയച്ചു. സ്ഥലം വാങ്ങിയ ട്രസ്റ്റ് ഭാരവാഹികൾ, വില്പന നടത്തിയ കമ്മിറ്റി ഭാരവാഹികൾ, പ്രമാണം രജിസ്റ്റർ ചെയ്തു നൽകിയ തൃക്കരിപ്പൂർ സബ് രജിസ്ട്രാർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.