ചെലവിട്ടത് 70 ലക്ഷം
കണ്ണൂർ: ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകി കാട്ടാമ്പള്ളി പുഴയോടു ചേർന്ന് നിർമ്മിച്ച കയാക്കിംഗ് സെന്റർ ജനങ്ങൾക്ക് തുറന്നുകൊടുക്കാതെ നശിക്കുന്നു. കെ.ടി.ഡി.സി. മുൻകൈയെടുത്താണ് കയാക്കിംഗ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. 2019 മെയ് മാസത്തോതോടെ പ്രവൃത്തി പൂർത്തിയാകുകയും ചെയ്തു.
എഴുപത് ലക്ഷം രൂപചെലവിട്ട് നിർമ്മിച്ച കയാക്കിംഗ് സെന്റർ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇരുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ സീലിംഗ് ഭൂരിഭാഗവും നിലംപതിച്ച അവസ്ഥയിലാണ്.എറണാകുളത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയ്ക്കാണ് നിർമ്മാണ ചുമതല നൽകിയിരുന്നത്. കയാക്കിംഗ് സെന്ററിനായി പണിത ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ കയാക്കിംഗിന് ഉപയോഗിക്കുന്ന ചെറു തോണികളും സുരക്ഷാ ഉപകരണങ്ങളും സൂക്ഷിക്കും. വസ്ത്രം മാറുന്നതിനുള്ള മുറിയും പരിശീലകനുള്ള മുറിയും ഒരുക്കിയിട്ടുണ്ട്. കാട് കയറിയ ഇവിടം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം കൂടിയാണ്. കെട്ടിടത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
വിനോദ സഞ്ചാരികൾക്ക് കയാക്കിംഗ് നടത്തുന്നതിനും കയാക്കിംഗ് പരിശീലനത്തിനുമായി തുടങ്ങിയ സ്ഥാപനം അധികൃതരുടെ അനാസ്ഥ കാരണമാണ് നശിക്കുന്നത്. ഒന്നാമത്തെ നിലയിൽ കഫ്റ്റീരിയയുടെ പ്രവൃത്തി ഉൾപ്പെടെ പൂർത്തിയാക്കി, കൂടുതൽ ജല കായിക പദ്ധതികൾ ഉൾപ്പെടുത്തി ബൃഹത്തായ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് ഡി.ടി.പി.സിയുടെ ശ്രമമെങ്കിലും ആദ്യഘട്ടത്തിലെ പദ്ധതി ഉദ്ഘാടനം വൈകിയത് ലക്ഷകണക്കിന് രൂപയുടെ നഷ്ടത്തിന് കാരണമായി .
ഉപ്പിലലിയും ഈ പദ്ധതിയും
2008-09 വർഷം കാട്ടാമ്പള്ളി ടൂറിസത്തിനായി ആവിഷ്കരിച്ച പദ്ധതികൾ ആളുകൾക്ക് തുറന്നുനൽകാത്തതിനാൽ ഉപ്പ് വെള്ളം കയറി ബോട്ടുജെട്ടി ഉൾപ്പെടെ നശിച്ചിരുന്നു. ഉദ്ഘാടനം വൈകി കയാക്കിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഈ പദ്ധതിയും ഉപ്പിലലിയും. ഒരു കോടി രൂപ കൂടി ചെലവഴിച്ച് കെ.ടി.ഡി.സി യുടെ നേതൃത്വത്തിൽ ബോട്ട് സർവീസുകൾ, ലാൻഡ് സ്കേപ്പുകൾ. ലൈറ്റിംഗ്, സീറ്റിംഗ്, പ്ലോട്ടിംഗ് ബോട്ട് ജെട്ടികൾ, സ്പീഡ് ബോട്ടുകൾ, വാട്ടർ സ്കൂട്ടറുകൾ തുടങ്ങിയ ജല കായിക വിനോദങ്ങൾ ഒരുക്കാനും പദ്ധതി ആവിഷ്കരിച്ചിരുന്നു.