കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച തില്ലങ്കേരി സ്വദേശിയായ 24 കാരൻ കണ്ണൂർ നഗരത്തിലെ കടകളിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് നഗരം ജാഗ്രതയിൽ. കണ്ണൂർ ഹാജി റോഡിലുള്ള ഏഴ് കടകളിലാണ് ഇയാൾ കഴിഞ്ഞ മുപ്പതിന് സന്ദർശനം നടത്തിയത്. ഇതോടെ ഇവിടെയുള്ള കടകളിലെ വ്യാപാരികളടക്കമുള്ള 30 ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചു.
കഴിഞ്ഞദിവസം കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല്പത് ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചിരുന്നു.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കണ്ണൂർ നഗരത്തിൽ എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നിരവധി പേരാണ് നഗരത്തിൽ കറങ്ങി നടക്കുന്നത്.