പയ്യന്നൂർ: ഖാദി മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളി പ്രശ്നങ്ങൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായില്ല. കഴിഞ്ഞ വർഷം നവംബറിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും തുടർ ചർച്ചയോ പരിഹാര നടപടികളോ ഉണ്ടാകാത്തതാണ് പ്രതിസന്ധിയ്ക്ക് പിന്നിൽ. ലോക്ക് ഡൗൺ വന്നതോടുകൂടി തൊഴിലാളികളുടെ നില ഒന്ന് കൂടി പരിതാപകരമായി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 2019 വരെയുള്ള പൂരകവേതനം അനുവദിച്ചുവെങ്കിലും നവംബർ, ഡിസംബർ മാസങ്ങളിൽ ജോലി ലഭിക്കാത്ത തൊഴിലാളികൾക്ക് വേതനവുമുണ്ടായില്ല. ഈ സമയത്ത് ക്ഷേമനിധിയിൽ നിന്നുള്ള 1000 രൂപ മാത്രമാണ് ലഭിച്ചത്. തുടർന്ന് അടുത്ത രണ്ട് മാസവും ജോലിയില്ലാതെ കടന്ന് പോയെങ്കിലും യാതൊരു ആനുകൂല്യവും ലഭിച്ചില്ല. മാർച്ച് മാസത്തെ വേതനവും വിഷുവിന് നൽകേണ്ടുന്ന ലീവ് വിത്ത് വേജസ് പോലും ലഭിച്ചില്ല.

തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്ത വെൽഫെയർ ഫണ്ട് തുക, ക്ഷേമനിധി ബോർഡിൽ അടക്കാത്തതിനാൽ കഴിഞ്ഞ വർഷത്തെ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ഇത്തരത്തിൽ രണ്ട് കോടിയിൽപ്പരം രൂപ കുടിശ്ശിക അടക്കുവാൻ ബാക്കിയുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

കുടിശ്ശിക കുറേയായി

ക്ഷാമബത്ത ഇനത്തിലുള്ള അരിയർ 2017 മുതലും ഉൽപ്പാദന ബോണസ് 2019 മുതലും പൂരക വേതനം 2020 ജനുവരി മുതലും വിതരണം ചെയ്യാതെ കുടിശ്ശികയാണെന്ന് നാഷണൽ ഖാദി ലേബർ യൂനിയൻ നേതാക്കൾ പറഞ്ഞു.

താളപ്പിഴയിലാണ്

റിബേറ്റിനത്തിലും മറ്റും സർക്കാറിൽ നിന്നും ഖാദി ബോർഡിൽ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ കൃത്യമായി കിട്ടാത്തത് കാരണം ഖാദി സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.

ഖാദി സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. തൊഴിലാളികൾക്ക് കൂലിയും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് 22 ന് ഖാദി സ്ഥാപനങ്ങൾക്ക് മുൻപിൽ ധർണ്ണ നടത്തും. ഖാദി ബോർഡ് വൈസ് ചെയർപേഴ്സസന് നിവേദനം നൽകിയിട്ടുണ്ട്.

നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി)