bhumu
സൗജന്യ ഡയാലിസിസ് ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന ഭൂമിപൂജ (ഫയൽ ഫോട്ടോ)

കാഞ്ഞങ്ങാട്: പുല്ലൂർ - പെരിയ പഞ്ചായത്തിലെ ഇരിയ കാട്ടുമാടത്ത് പണിയുന്ന സൗജന്യ ഡയാലിസിസ് ആശുപത്രി നിർമ്മാണം ജില്ലാ കളക്ടർ ഡി. സജിത്ബാബു തടഞ്ഞു. ജില്ലാ കളക്ടറുടെ ഉത്തരവ് ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സത്യസായി ട്രസ്റ്റിന്റെ കൈയിലുള്ള സ്ഥലത്താണ് ജനകീയ കൂട്ടായ്മ സൗജന്യ ഡയാലിസിസ് ആശുപത്രി പണിയാൻ ശ്രമം ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി ഈ മാസം പത്തിന് കുറ്റിയടിക്കലും ഭൂമി പൂജയും നടക്കുകയുണ്ടായി. നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് ഇന്നലെ നിർത്തിവയ്ക്കാനുള്ള ഉത്തരവ് വന്നത്. സ്ഥലത്തിന് പട്ടയമില്ലെന്നും സ്ഥലം ലീസിനെടുത്തതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി.

എന്നാൽ കളക്ടർ കാണിച്ചത് അവിവേകമാണെന്ന് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. അനന്തകുമാർ പറഞ്ഞു. ഏഴുവർഷമായി ട്രസ്റ്റിന്റെ കൈയിലുള്ള സ്ഥലത്താണ് സൗജന്യ ഡയാലിസിസ് ആശുപത്രി പണിയുന്നത്.

കാഷ് കൗണ്ടർ ഇല്ലാത്ത ആശുപത്രി

കാഷ്‌കൗണ്ടറില്ലാത്ത ആശുപത്രി പണിയാനാണ് ട്രസ്റ്റിന് ഉമ്മൻ ചാണ്ടി സർക്കാർ ഭൂമി അനുവദിച്ചത്. എന്നാൽ നിർമ്മാണം തുടങ്ങി രണ്ട് വർഷത്തിനിടയിൽ കരാറുകാർ ജോലി ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതിനിടയിലാണ് നാട്ടുകാരായ ചിലർ ആശുപത്രി നിർമ്മാണവുമായി അനന്തകുമാറിനെ സന്ദർശിച്ചത്. അങ്ങിനെയാണ് ആദ്യഘട്ടത്തിൽ ഡയാലിസിസ് ആശുപത്രി പണിയാൻ തീരുമാനിക്കുന്നത്. ആശുപത്രിക്കാവശ്യമായ കെട്ടിടം പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് സംവിധാനങ്ങൾ ട്രസ്റ്റ് ഒരുക്കാനാണ് ധാരണ. കുറ്റിയടിക്കൽ ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. അദ്ദേഹം എത്താത്തത് ഭൂമി സംബന്ധമായ പ്രശ്‌നം ഉള്ളതുകൊണ്ടാണെന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. നിർമ്മാണം ആരംഭിക്കാനിരിക്കെ അത് നിർത്തിവയ്ക്കാനുള്ള ഉത്തരവ് വന്നത് ജനകീയ കൂട്ടായ്മയ്ക്ക് ക്ഷീണമായിട്ടുണ്ട്.

ബൈറ്റ്

സ്ഥലം ലീസിനെടുക്കുകയോ പട്ടയം ലഭിക്കാതിരിക്കുകയോ ചെയ്തപ്പോഴാണ് അവിടെ നിർമ്മാണ പ്രവർത്തനം പാടില്ലെന്ന് വിലക്കിയത്. ഇതു സംബന്ധിച്ച് സർക്കാർ മുമ്പാകെയുള്ള ഫയലിൽ തീർപ്പായിട്ടില്ല-ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ്

സ്ഥലത്തിന്റെ സർവ്വേ നമ്പർ മാറ്റുന്നതിനായുള്ള അപേക്ഷയിലാണ് തീർപ്പാകേണ്ടത്. അത്തരമൊരു സാങ്കേതികത്വത്തിൽ പിടിച്ച് ആശുപത്രി നിർമ്മാണം തടസ്സപ്പെടുത്തിയത് മനസ്സിലാകുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് - അനന്തകുമാർ, സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ