എടക്കാട് :കൊവിഡ് മഹാമാരിക്കിടെ ദേശീയപാതാ വികസനത്തിന്റെ പേരിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ദേശീയപാതാ, റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കം തീരദേശത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് ഇരുപതോളം ഉദ്യോഗസ്ഥർ പൊലീസ് സന്നാഹത്തോടെ മുഴപ്പിലങ്ങാട്ടെ വീടുകളിലെത്തിയത്. വൃദ്ധരും കുട്ടികളുമുള്ള വീടുകളിൽ സാമൂഹ്യ അകലം പാലിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും വീടുകളിൽ അതിക്രമിച്ചു കടന്ന സംഘത്തിനു നേരെ പ്രതിഷേധക്കാർ എത്തിയത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
എടക്കാട് മുതൽ മുഴപ്പിലങ്ങാട് ടോൾബൂത്ത് വരെ നൂറോളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. മതിയായ നഷ്ടപരിഹാരം കിട്ടാത്തതിനെ തുടർന്ന് പലരും നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇന്നലെ മുഴപ്പിലങ്ങാട് പഞ്ചായത്തിനടുത്ത ഉത്തമന്റെ വീട്ടിലെത്തിയ സംഘം വീട്ടുകാരോട് അപമര്യാദയായി പെരുമാറിയതായും ഇവർ പരാതിപ്പെട്ടു. കൊവിഡ് കഴിഞ്ഞുപോരെ ഒഴിപ്പിക്കൽ എന്നു ചോദിച്ചപ്പോൾ വീട് അളന്ന് തിട്ടപ്പെടുത്തിയേ തങ്ങൾ പോകൂവെന്ന ഉദ്യോഗസ്ഥരുടെ നിലപാട് വീട്ടുകാരെ പ്രകോപിതരാക്കി.
ബൈറ്റ്
ദേശീയപാതാ, റവന്യൂ ഉദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അളക്കാൻ വന്നത്. ചോദിച്ചപ്പോൾ അഹങ്കാരത്തോടെയാണ് പ്രതികരിച്ചത്. കളക്ടർക്കും മറ്റും നൽകിയ പരാതിയിൽ ഇനിയും നടപടിയുണ്ടായിട്ടില്ല-
നിഷിൽ,കുടിയൊഴിപ്പിക്കപ്പെടുന്ന വീട്ടുകാരിലൊരാൾ
പുരകത്തുമ്പോൾ വാഴവെട്ടുന്ന നടപടി
എൻ എച്ച്. സംയുക്ത സമരസമിതി
കൊവിഡ് കാലത്തെ സ്ഥലമെടുപ്പ് പുരകത്തുമ്പോൾ വാഴ വെട്ടുന്നതു പോലെയുള്ള നടപടിയാണ്. കൊവിഡ് മൂലം വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. വ്യാപാര മേഖലയാകെ തകർച്ചയിലാണ്. വലിയ ആശ്രയമായിരുന്ന പ്രവാസികൾ ആകെ തിരിച്ചെത്തുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് തിരികെ എത്തുന്നവർക്ക് അന്തിയുറങ്ങാനുള്ള കൂര കൂടി ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം മനുഷ്യത്വ രഹിതവും മാപ്പർഹിക്കാത്തതുമാണ്.