ആലക്കോട്: നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപരിക്കുമ്പോൾ മലയോരത്തെ ഒട്ടുമിക്ക പ്രദേശങ്ങളും പനിക്കിടക്കയിൽ. മലയോര പഞ്ചായത്തുകളായ ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, ചപ്പാരപ്പടവ് എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളെ ഡെങ്കിപ്പനി കീഴടക്കിക്കഴിഞ്ഞു. ആലക്കോട്, നടുവിൽ എന്നീ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് രണ്ടുമാസം മുമ്പെയുണ്ടായിരുന്നു.
എന്നാൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കാര്യമായ കൊതുകു നിർമാർജ്ജനമൊന്നും ഒരിടത്തും നടക്കുകയുണ്ടായില്ല. ഇതിനെത്തുടർന്ന് മറ്റുപ്രദേശങ്ങളിലേയ്ക്കും ഡെങ്കിപ്പനി വ്യാപിക്കുകയായിരുന്നു. മുൻകാലങ്ങളിൽ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഫോഗിംഗ്, ക്‌ളോറിനേഷൻ, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ പരിപാടി തുടങ്ങിയവയൊക്കെ നടത്തിയിരുന്നു. എന്നാൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പോലും പഞ്ചായത്ത് അധികൃതർക്കോ ആരോഗ്യവകുപ്പ് അധികൃതർക്കോ അറിയില്ല എന്ന സ്ഥിതിയാണുള്ളത്.
മലയോരത്തെ എല്ലാ ആശുപത്രികളും പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിൽ ഏറിയ പങ്കും ഡെങ്കിപ്പനിയാണ്. കരുവഞ്ചാൽ സ്വദേശി കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകൾ കൊതുക് നിവാരണത്തിന് വേണ്ട നടപടികൾ ഉടനെ സ്വീകരിക്കുന്നില്ലെങ്കിൽ മലയോരത്തിന്റെ ആരോഗ്യരക്ഷ അപകടത്തിലാകുമെന്ന് ഉറപ്പാണെന്നാണ് പരാതി. ഡെങ്കിപ്പനിയ്‌ക്കൊപ്പം കൊവിഡ് മലയോരപഞ്ചായത്തുകളിലും സ്ഥിരീകരിച്ചതിനെത്തുടർന്ന് ചെകുത്താനും കടലിനുമിടയിൽ പെട്ട അവസ്ഥയിലാണ് മലയോര നിവാസികൾ.