കണ്ണൂർ: ജില്ലയിൽ ഏഴു പേർക്ക് ഇന്നലെകോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേർക്കും ഡൽഹിയിൽ നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗബാധ.
ജൂൺ മൂന്നിന് കരിപ്പൂർ വിമാനത്താവളം വഴി ഷാർജയിൽ നിന്നെത്തിയ ആന്തൂർ സ്വദേശികളായ അഞ്ചു വയസുകാരൻ, 10 വയസുകാരി, അതേദിവസം കണ്ണൂർ വിമാനത്താവളം വഴി മസ്‌കറ്റിൽനിന്നെത്തിയ മാത്തിൽ സ്വദേശി 33കാരൻ, ജൂൺ ഏഴിന്
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദോഹയിൽ നിന്നെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 27കാരൻ, അതേ വിമാനത്തിലെത്തിയ പയ്യന്നൂർ സ്വദേശി 25കാരൻ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവർ.
ജൂൺ 14ന് കണ്ണൂർ വിമാനത്താവളം വഴിയാണ് പാപ്പിനിശ്ശേരി സ്വദേശി 81കാരൻ ഡൽഹിയിൽ നിന്നെത്തിയത്. പടിയൂർ സ്വദേശി 28കാരനാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 316 ആയി. ഇവരിൽ 199 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധർമടം സ്വദേശി ഒൻപത് വയസ്സുകാരൻ ഇന്നലെയാണ് ഡിസ്ചാർജായത്.
ജില്ലയിൽ നിലവിൽ 14015 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതുവരെ 10899 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10560 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 9924 എണ്ണം നെഗറ്റീവാണ്. 339 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.