നാട്ടക്കൽ (കാസർകോട്): നാട്ടക്കല്ലിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മരിച്ചു കിടന്ന മുറി പൊലീസ് സീൽ ചെയ്തു. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ കാളുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
തിങ്കളാഴ്ച പുലർച്ചെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയ വെസ്റ്റ് എളേരി നാട്ടക്കലിലെ ദിനേശൻ -ലക്ഷ്മി ദമ്പതികളുടെ മകൻ ജിഷ്ണു (15)വിന്റെ മരണവുമായി ബന്ധപ്പെട്ടു ദുരൂഹത മാറ്റാനാണ് പൊലീസ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്. മരിച്ച നിലയിൽ കാണപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹത്തിൽ കഴുത്തിന്റെ ഇരു ഭാഗങ്ങളിലുമായി കാണപ്പെട്ട പാടുകളാണ് സംശയം ജനിപ്പിച്ചത്. ഇതേ തുടർന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നാട്ടക്കലിലെ വീട്ടിൽ എത്തിച്ച ജിഷ്ണുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ജിഷ്ണു തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. ജില്ലാ ആശുപതിയിയിലെ മെഡിക്കൽ സർജന്റെ റിപ്പോർട്ടിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് വെള്ളരിക്കുണ്ട് സി ഐ സിബിയുടെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെ നാട്ടക്കലിലെ ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. പൊലീസിന് വീട്ടുകാർ പരസ്പര വിരുദ്ധമായ മൊഴി നൽകിയതാണ് സംശയത്തിനിട നൽകിയത് . ജിഷ്ണുവിന്റെ അമ്മയും അമ്മമ്മയും ജ്യേഷ്ഠനും വ്യത്യസ്ത മൊഴികളാണ് പൊലീസിന് നൽകിയത്. മരിക്കുന്നതിന്റെ തലേന്ന് വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്.