puzha
ഇരിക്കൂർ പുഴ മണ്ണിട്ട് നികത്തിയ നിലയിൽ

കണ്ണൂർ: കഴിഞ്ഞ പ്രളയകാലത്ത് വൻനാശം നേരിട്ട ഇരിക്കൂർ വീണ്ടുമൊരു പ്രളയ ഭീഷണിയിൽ. ഇരിക്കൂറിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിന് തെക്ക് ഭാഗത്ത് ഒന്നര കിലോമീറ്ററോളം നീളത്തിൽ പഞ്ചായത്ത് പുഴ മണ്ണിട്ട് നികത്തിയത് നാടിനെ വീണ്ടും വെള്ളത്തിലാക്കുമെന്നാണ് പരാതി. മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ, ഒരു വിഭാഗം ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പ് പോലും വകവെക്കാതെയാണ് പഞ്ചായത്ത് ഭരണസമിതി പുഴ നികത്തിയതെന്നും ആരോപണമുണ്ട്.

പുഴയോരത്ത് സ്വകാര്യ വ്യക്തികൾ പണിതുവരുന്ന കെട്ടിടങ്ങളിലേക്ക് റോഡ് വെട്ടാനും പാർക്കിംഗ് സൗകര്യത്തിനും വേണ്ടിയാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് നികത്തൽ നടത്തിയതെന്നും പറയുന്നു. പുഴ നികത്തിയതോടെ അപകടാവസ്ഥയിലുള്ള പാലത്തിനും വൻ ഭീഷണിയാണ് ഉള്ളത്.

കാർഷിക വിളകളുടെ വില തകർച്ചയോടെ ഇരിക്കൂറിൽ സജീവമായിരുന്ന മലഞ്ചരക്ക് വിപണി നിശബ്ദമാണ്. ഇതിനിടെയിലാണ് രണ്ടു പ്രളയം ഇരച്ചെത്തിയത്. ഇനി മൂന്നാമതൊന്ന്കൂടി താങ്ങാനുള്ള ശേഷി ഇരിക്കൂറിനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇരിക്കൂർ നഗരവും പാലവും പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.

പാഠം പഠിക്കാതെ

പ്രളയത്തിൽ നശിച്ച കടമ്പോളങ്ങൾ വീണ്ടും സജീവമാകുമ്പോഴേക്കും കൊവിഡ് ലോക്ക് ഡൗൺ എത്തി. ഇതോടെ കാര്യങ്ങൾ വൻ തകർച്ചയുടെ വക്കിലെത്തിയെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ പ്രളയത്തിൽ നിന്നും യാതൊരു പാഠവും പഠിക്കാത്ത മട്ടിൽ ഇരിക്കൂർ പുഴ വ്യാപകമായി കൈയേറി വരുമ്പോൾ അധികൃതർക്ക് കുലുക്കമില്ല. പഞ്ചായത്ത് അധികൃതർ ഇതിനായി ഒത്താശ ചെയ്യുന്നു എന്നാണ് പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ ആരോപണം.

നികത്താൻ തൊഴിലുറപ്പ്

ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വകമാറ്റിയാണ് പുഴ നികത്താനുള്ള പണം കണ്ടെത്തിയത് എന്നുള്ള ആരോപണവും ഉയരുന്നുണ്ട്. നീരൊഴുക്ക് കുറഞ്ഞതു കാരണം പുഴയിൽ കുറ്റിക്കാടുകൾ വളരുകയും പുഴയുടെ ആഴം കുറയുകയും ചെയ്തു. കാലവർഷത്തിന് മുൻപ് ബാവലിയടക്കമുള്ള പുഴകളിൽ ശുചീകരണം നടന്നെങ്കിലും ഇരിക്കൂറിൽ അതുണ്ടായില്ല.

മിണ്ടാതെ റവന്യൂ വിഭാഗം

പുഴ കൈയേറ്റം ശരിവച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് തഹസിൽദാർക്ക് നൽകി എങ്കിലും നടപടി എടുക്കാതെ റവന്യൂ അധികൃതർ മൗനം പാലിക്കുകയാണ്. പുഴ ഭിത്തി നിർമ്മിക്കാനാണ് പുഴയിൽ മണ്ണിട്ടത് എന്നാണ് പഞ്ചായത്തിന്റെ ന്യായം. ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

മറ്റൊരു ദുരന്തംകൂടി ക്ഷണിച്ചുവരുത്തുന്ന പുഴ നികത്തിലിനെതിരെ അന്വേഷണം വേണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള പണം പുഴ നികത്താൻ വകമാറ്റിയ സംഭവത്തിൽ വിജിലൻസും അന്വേഷിക്കണം.

ബാബുരാജ്, സി.പി.എം ഇരിക്കൂർ ലോക്കൽ സെക്രട്ടറി