ആലക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ പുഴയിലെ തുരുത്തിൽ നിന്ന മരങ്ങൾ മുറിച്ചുമാറ്റിയതിനെ ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തകനെതിരെയുള്ള കൈയേറ്റവും രാഷ്ട്രീയ പാർട്ടികളുടെ പോർവിളികളും ബാക്കിയാക്കി ആലക്കോട് പുഴയിൽ നീരൊഴുക്ക് ശക്തമായി.
പുഴയുടെ ഒഴുക്കിന് തടസ്സമായി അടിഞ്ഞു കൂടിയ മണ്ണ് പുഴയുടെ ഗതിമാറ്റിയതിന്റെ ഫലമായി പുഴയോരത്തെ നിരവധി വീടുകളിൽ വെള്ളം കയറുന്നത് തടയാനാണ് പഞ്ചായത്ത് ഭരണസമിതിയെ സമീപിക്കുന്നത്. പുഴയിൽ അടിഞ്ഞു കൂടിയ മണ്ണ് ജില്ലാ കളക്ടറുടെ അനുമതിയോടെ നീക്കംചെയ്യുന്നതിനിടെയാണ് വിവാദമായ കൈയേറ്റമുണ്ടായത്. മണ്ണ് നീക്കുന്നതിനൊപ്പം പുഴയുടെ നടുക്കുള്ള തുരുത്തിലെ മരങ്ങളും മുറിച്ചു നീക്കംചെയ്യുന്നതിനെ ചോദ്യം ചെയ്തതോടെ സംഭവം വിവാദമായി.

യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് പുഴ കൈയേറിയെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തുവരികയായിരുന്നു, മണ്ണ് നീക്കം ചെയ്ത ഭരണസമിതിക്ക് പക്ഷേ തുരുത്തിലെ മരങ്ങൾ മുഴുവനും മുറിച്ചുനീക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസംതന്നെ മഴ ശക്തി പ്രാപിച്ചതോടെ തുരുത്തിന്റെ ഇരുഭാഗത്തുകൂടിയും പുഴ ഒഴുകാനാരംഭിച്ചു. അവശേഷിക്കുന്ന മരങ്ങളിൽ ഒന്നുപോലും മുറിക്കാൻ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനവുമായി ബി.ജെ.പി പ്രവർത്തകർ പുഴയോരത്ത് വൃക്ഷത്തൈകൾ നടുകയും ചെയ്തതോടെ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിഷയം കത്തുമെന്നുറപ്പായി.