subedhar
സുബേദാർ നാരായണൻ

കണ്ണൂർ: അന്നും പ്രകോപനം മുഴുവനും ചൈനയുടെ ഭാഗത്തു നിന്നായിരുന്നു. ആയിരത്തിലേറെ സൈനികർ ജീവത്യാഗം ചെയ്തുവെങ്കിലും അതൊന്നും വെറുതെയായിരുന്നില്ല. ഇന്ത്യൻ സൈനിക താവളങ്ങൾക്കു നേരെ പിന്നീട് ആക്രമണം നടത്താൻ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. അത്രയും അഭിമാനകരമായ പോരാട്ടമായിരുന്നു അത്. 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തെ കുറിച്ച് പറയുമ്പോൾ മയ്യിൽ ചെറുപഴശ്ശിയിലെ സുബേദാർ എ.കെ. നാരായണന്റെ മനസ്സിൽ തീ തുപ്പുന്ന ഒരു ചരിത്രം തുടിച്ചു നിൽക്കുന്നുണ്ട്. 86ാം വയസിലും എല്ലാം ഇന്നലെ പോലെ തിളങ്ങി നിൽക്കുന്നു.

1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെയായിരുന്നു യുദ്ധം. സൈന്യത്തിൽ ചേർന്ന സമയമായിരുന്നു. എന്തും ചെയ്യാനുള്ള ധൈര്യവും മനക്കരുത്തും സ്വന്തമായുണ്ടായിരുന്നു. ഇന്ത്യാ- ചൈന അതിർത്തിയിൽ തന്നെയായിരുന്നു നിയമനം. അതി‌ർത്തികളിൽ ഇന്ത്യ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിരുന്ന കാലമായിരുന്നു അത്. അതോടെ ചൈനയ്ക്ക് അസ്വാരസ്യമുണ്ടായി. ഇന്ത്യക്കെതിരായ ചൈനയുടെ വ്യാജപരാതികൾ വന്നു കൊണ്ടിരുന്നു. ഇന്ത്യയെ ഇല്ലാതാക്കാനാണ് ചൈന ശ്രമിച്ചിരുന്നത്. ഇതിനു വേണ്ടി പല നാടകങ്ങളും ഇവർ കളിച്ചു. വേഷം മാറിയിട്ട് പോലും ഇന്ത്യൻ സൈന്യത്തെ കൂട്ടിക്കൊണ്ടുപോകാൻ അവർ ശ്രമിച്ചിരുന്നു.

സൈനികരെ മുഴുവൻ തെറ്റിദ്ധരിപ്പിക്കാനാണ് ചൈനീസ് പട്ടാളം ശ്രമിച്ചത്. സർദാർജിമാരുടെ വേഷമിട്ട് പോലും അവർ ഇന്ത്യൻ സൈന്യത്തെ വശത്താക്കാൻ നീക്കം നടത്തി. എനിക്ക് അന്ന് 28 വയസ്സ്. ചൈനയുടെ നാടകങ്ങളിലൊന്നും ഞങ്ങളാരും വീണില്ല. ഇന്ത്യൻ സൈനികരുടെ മനക്കരുത്തിനു മുന്നിൽ ചൈനയ്ക്ക് പല തവണ ചുവടുപിഴച്ചു.

ഷയോക് നദിയുടെ അരികെ തന്നെയാണ് ഞങ്ങളുടെ യൂണിറ്റുണ്ടായിരുന്നത്. അന്ന് ഇന്നത്തെ പോലെ റോഡും സൗകര്യങ്ങളൊന്നുമില്ല. സൈന്യത്തിന് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതായിരുന്നു എന്റെ ചുമതല. കോവർ കഴുതകളുടെ മുതുകത്ത് ചാക്ക് കയറ്റി വേണം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ. വാർത്താവിനിമയ സൗകര്യങ്ങളും കുറവായിരുന്നു. ഒരു പോസ്റ്റിൽ നിന്നു അടുത്ത പോസ്റ്റിലെത്താൻ ചുരുങ്ങിയത് മൂന്ന് ദിവസം വേണം. മഞ്ഞു മൂടിയ നദിയും തടാകവും നീന്തിക്കടന്നു വേണം അക്കരെയെത്താൻ.

അതിർത്തി രേഖ കടന്നു പോകുന്ന പാതകളും ഇടയന്മാരുടെ മേച്ചിൽ പുറങ്ങളും തങ്ങളുടെ ഭൂമിയിലാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടിരുന്ന കാലം.

ഇതിനിടെ ബാരിക്കേഡ് തകർത്ത് ചൈനീസ് സൈന്യം കടക്കാൻ ശ്രമം നടത്തി. ഇന്ത്യൻ പട്ടാളക്കാരുടെ വേഷത്തിലായിരുന്നു അവർ വന്നത്.. ഞങ്ങൾ അവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതോടെ പിന്നെ അവർക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. വേഗം തന്നെ തിരിച്ചു പോയി. ആവശ്യത്തിന് ആയുധങ്ങളോ പരിശീലനമോ അന്നു കിട്ടിയിരുന്നില്ല. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു മാത്രമാണ് ശത്രു സൈന്യത്തെ നേരിട്ടിരുന്നത്.

1962 നവംബർ 21ന് വെടി നിർത്തൽ പ്രഖ്യാപിച്ചതായി പീക്കിംഗ് റേഡിയോവിലൂടെ ചൈന പ്രഖ്യാപിച്ചു. അങ്ങനെ യുദ്ധം അവസാനിച്ചു.. പക്ഷേ, അതേ അതിർത്തി പ്രശ്നങ്ങളിലൂടെ അന്നത്തെ അതേ നിലപാടിലൂടെ ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്.

രണ്ട് വർഷത്തോളം അതിർത്തിയിൽ കഴിഞ്ഞകാലം അഭിമാനത്തോടെയാണ് ഇന്നും ഓർക്കുന്നത്. നിരവധി പേരുടെ ജീവത്യാഗമുണ്ടെങ്കിലും അത് അഭിമാന പോരാട്ടമായിരുന്നു. മയ്യിലിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന സുബേദാർ നാരായണന്റെ വാക്കുകളിൽ സംതൃപ്തിയുടെ തിളക്കം.