തൃക്കരിപ്പൂർ: മത്സ്യ മാർക്കറ്റിനായി പുതിയ കെട്ടിടമെന്ന ദശാബ്ദങ്ങളായുള്ള മത്സ്യതൊഴിലാളികളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. മത്സ്യവിൽപ്പനക്കായി പുതിയ കെട്ടിടം പണിയാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പഴയ ആസ്ബറ്റോസ് പാകിയ ഷെഡ് പൊളിച്ചുതുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ളത്.
സത്രീകളടക്കമുള്ള മത്സ്യത്തൊഴിലാളികൾ വെയിലിലും മഴയിലും കുടപിടിച്ചാണ് ഇവിടെ കാലങ്ങളായി മീൻ വിൽപ്പന നടത്തുന്നത്. പഴയ ഷെഡ്ഡിൽ വെളിച്ചവും വേണ്ടത്ര വായുസഞ്ചാരവുമില്ലാത്ത ഇടുങ്ങിയതായതിനാൽ പുതിയ മാർക്കറ്റ് സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യമുന്നയിച്ചു വരികയായിരുന്നു. ഈ ആവശ്യയമുന്നയിച്ച് മത്സ്യ തൊഴിലാളികൾ പഞ്ചായത്തിലേക്ക് മാർച്ചും ധർണയുമടങ്ങുന്ന സമരപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.
മാർക്കറ്റിനോട് തൊട്ടു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലംകൂടി പൊന്നിൻ വിലക്കെടുത്ത് മാർക്കറ്റ് ഹൈടെക് ആക്കാൻ പഞ്ചായത്ത് ശ്രമിച്ചിരുന്നുവെങ്കിലും, ഉദ്ദേശിച്ച സ്ഥലം ലഭ്യമല്ലാത്തതിനാൽ നടന്നില്ല. ഇതേ തുടർന്നാണ് നേരത്തെ പണിത ഷെഡ് പൊളിച്ചുമാറ്റി അവിടെ പുതിയ മാർക്കറ്റ് കെട്ടിടം പണിയാൻ പഞ്ചായത്ത് തീരുമാനിച്ചത്.
ആദ്യം ഒരുനില കെട്ടിടം
90 ലക്ഷം രൂപ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. നേരത്തെ മാർക്കറ്റിനായി ഷെഡ് നിർമ്മിച്ച സ്ഥലത്തുതന്നെയാണ് ഒരു നില കോൺക്രീറ്റ് കെട്ടിടം പണിയുന്നത്. തത്ക്കാലം ഒരു നിലയിൽ പണി പൂർത്തിയാക്കിയ ശേഷം ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് രണ്ടാമത്തെ നിലയിൽ കൂടുതൽ സൗകര്യമൊരുക്കാനാണ് പദ്ധതി. മത്സ്യം സംഭരിച്ചു വെക്കുന്നതിനും വിതരണം ചെയ്യുന്നതിനും പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടാകും.