ആലക്കോട്: തിമിരി ശിവക്ഷേത്രത്തിന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നൽകാനുള്ള നീക്കം ദേവസ്വം വകുപ്പിനെ നോക്കുകുത്തിയാക്കി. ദേവസ്വം ബോർഡിനെയും മറ്റും തെറ്റിദ്ധരിപ്പിച്ച് സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകാനുള്ള നീക്കം കമ്മിഷണർ ഇടപെട്ട് പൊളിക്കുകയായിരുന്നു. ഇതേ തുടർന്ന് എക്സിക്യൂട്ടീവ് ഓഫീസറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ ഇതേ ഇടപാട് ഒരു വർഷം കഴിഞ്ഞ് വീണ്ടും സജീവമാകുന്നത് ദേവസ്വം ബോർഡിന് തലവേദനയായിട്ടുണ്ട്. നാട്ടുകാരുടെ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനമെന്ന നിലയിൽ ദേവസ്വം ബോർഡ് തന്നെ പ്രതിഷേധം കമ്മിഷണറെ അറിയിക്കുകയായിരുന്നു. ഇത്രയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വീണ്ടും സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കത്തിന് പിന്നിൽ ആരുടെ പ്രേരണയാണെന്നാണ് ദേവസ്വം ബോർഡ് അന്വേഷിക്കുന്നത്.

ക്വട്ടേഷൻ വിളിച്ചതാണെന്ന് സാങ്കേതികമായി പറയുവാൻ വേണ്ടി മാത്രം കഴിഞ്ഞ വർഷം പത്രപരസ്യം നൽകുകയായിരുന്നു. പാട്ടം നൽകുന്ന സ്ഥലത്തിന്റെ കൃത്യമായ അളവു പോലും പറയാതെയാണ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നത്. ഇങ്ങനെ ക്വട്ടേഷൻ നൽകുവാൻ ക്ഷേത്രം ട്രസ്റ്റി ബോർഡിനോ എക്സിക്യൂട്ടീവ് ഓഫീസർക്കോ അധികാരമില്ലെന്നിരിക്കെ ഇത് ഏറെ വിവാദമായിരുന്നു.

മുംബയ് ആസ്ഥാനമായ കമ്പനിക്ക് സോളാർപാടം നിർമ്മിക്കുന്നതിനാണ് സ്ഥലം പാട്ടത്തിന് നൽകുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. 25 വർഷത്തേക്ക് പാട്ടത്തിന് നൽകുകയെന്ന് പറയുമ്പോഴും അതിൽ കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയും ഉടമസ്ഥാവകാശവും പാട്ടമെടുത്തയാൾക്കായിരിക്കും. ഭാവിയിൽ ഇവരെ ഒഴിപ്പിക്കുന്നത് വലിയ നിയമ പ്രശ്നത്തിലേക്ക് വഴി തുറക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബൈറ്റ്....

ദേവസ്വം ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കും. ദേവസ്വം ബോർഡ് അറിയാതെ അങ്ങനെയൊരു നീക്കം നടക്കില്ല.. ആരാണ് ഇതിനു പിന്നിലെന്നു ബോർഡ് അന്വേഷിക്കുന്നുണ്ട്.

കൊട്ടറ വാസുദേവ്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

മലബാർ ദേവസ്വം ബോർഡ്