പയ്യന്നൂർ: രാമന്തളി ക്ഷീര വ്യവസായ സഹകരണ സംഘത്തിനു സമീപത്തെ വെറ്ററിനറി സബ്ബ് സെന്ററിനോട് ചേർന്നുള്ള ഒറ്റമുറിയിൽ ഡൽഹിയിൽ നിന്നു എത്തിയ രണ്ട് കുടിയേറ്റ തൊഴിലാളികളെ ക്വാറന്റൈൻ ചെയ്തതിൽ പ്രതിഷേധവുമായി പരിസരവാസികൾ രംഗത്ത് . തുടർന്ന് കരാറുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി പഞ്ചായത്തു പ്രസിഡന്റടക്കം ചർച്ച ചെയ്ത് തൊഴിലാളികളെ മാറ്റി ക്വാറന്റൈൻ ചെയ്യുവാൻ തീരുമാനിച്ചു.

15 ന് വൈകുന്നേരമാണ് ഡൽഹിയിൽ നിന്നും രണ്ട് കുടിയേറ്റ തൊഴിലാളികൾ രാമന്തളിയിലെ വാടക മുറിയിൽ എത്തിയത്. ഇവർ എത്തിയ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നില്ല. മുറിയിൽ നിലവിൽ അഞ്ചിലധികം തൊഴിലാളികൾ താമസിച്ചു വരുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ഇവർക്കൊപ്പമാണ് ഡൽഹിയിൽ നിന്നും എത്തിയവർ കഴിഞ്ഞ രണ്ട് ദിവസമായി കഴിഞ്ഞിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലിസെത്തി രണ്ട് തൊഴിലാളികളെയും മുറിയിൽ ക്വാറന്റൈൻ ചെയ്യുകയായിരുന്നു.

എന്നാൽ ക്വാറന്റൈൻ പ്രോട്ടോക്കോൾ പാലിക്കാതെയാണ് പൊലീസ് കുടിയേറ്റ തൊഴിലാളികളെ യാതൊരു സൗകര്യവുമില്ലാത്ത ഒറ്റമുറിയിൽ ക്വാറന്റൈൻ ചെയ്തതെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുറിയോട് ചേർന്ന മറ്റൊരു മുറിയിലാണ് വെറ്ററിനറി സബ്ബ് സെന്റർ പ്രവർത്തിക്കുന്നത്. ഇതിനെല്ലാം കൂടി ഒരു ശുചിമുറി മാത്രമാണ് ഉള്ളത്. കൂടാതെ കുടിയേറ്റ തൊഴിലാളികൾ വെള്ളം എടുക്കുന്നത് സമീപത്തെ പാൽ സൊസൈറ്റിയിലെ കുഴൽ കിണറിൽ നിന്നാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് പരിസരവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അതിനിടയിൽ ഡൽഹിയിൽ നിന്ന് എത്തിയവരോടൊപ്പം കഴിഞ്ഞ ദിവസം മുറിയിൽ താമസിച്ച മറ്റ് തൊഴിലാളികൾ രാവിലെ നാവിക അക്കാഡമിയിൽ ജോലിക്ക് പോകുകയും ചെയ്തതായും പറയുന്നു. ഡൽഹിയിൽ നിന്നെത്തിയ രണ്ട് കുടിയേറ്റ തൊഴിലാളികളെ മാറ്റി ക്വാറന്റൈൻ ചെയ്തുവെങ്കിലും രണ്ട് ദിവസം അവരുടെ കൂടെ താമസിച്ച മറ്റ് തൊഴിലാളികളെ ക്വാറന്റൈൻ ചെയ്യാത്തതിൽ പ്രദേശത്ത് ആശങ്ക നില നിൽക്കുന്നുണ്ട്.