പാപ്പിനിശ്ശേരി: തുടർച്ചയായ അംഗീകാരങ്ങളുടെ നിറവിലാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്. ദേശീയ പഞ്ചായത്ത് പുരസ്‌ക്കാരങ്ങളിൽ ഉന്നത ബഹുമതിയായ ദീനദയാൽ ഉപാദ്യായ പഞ്ചായത്ത് ശാക്തീകരൺ അവാർഡാണ് ബുധനാഴ്ച ലഭിച്ചത്. കഴിഞ്ഞ വർഷവും ദേശീയ തലത്തിൽ ഏറ്റവും മികച്ച പദ്ധതി നിർവ്വഹണത്തിനുള്ള മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്.
2016-17 വർഷം മുതൽ ദേശീയ സംസ്ഥാന തലങ്ങളിലെ നിരവധി പുരസ്‌ക്കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചു. 2016-17ൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും. 2017-18, 2018-19 എന്നീ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും സ്വരാജ് ട്രോഫിയും പാപ്പിനിശ്ശേരിക്കായിരുന്നു.
കൊല്ലത്തെ ശാസ്താംതാംകോട്ടയ്ക്കും മലപ്പുറത്തെ മാറഞ്ചേരിക്കും ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
പഞ്ചായത്തിന് തുടർച്ചയായി അംഗീകാരം ലഭിക്കുന്നത് ഭരണസമിതിക്കും ജീവനക്കാർക്കും പൊതു സമൂഹത്തിനും ഉത്തരവാദിത്വം വർദ്ധിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണനും സെക്രട്ടറി കെ.ബി. ഷംസുദ്ദീനും പറഞ്ഞു. പത്രസമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർമാരായ ടി.വി. രാജീവൻ, പി. രാജൻ, അസി. സെക്രട്ടറി എ.കെ. മനോജ് കുമാർ എന്നിവരും പങ്കെടുത്തു.