കണ്ണൂർ: ജില്ലയിൽ നാലു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ജൂൺ 11ന് കണ്ണൂർ വിമാനത്താവളം വഴി സൗദിയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 27കാരൻ, 12ന് കരിപ്പൂർ വിമാനത്താവളം വഴി കുവൈറ്റിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരൻ എന്നിവരാണ് വിദേശത്ത് നിന്നുവന്നവർ. ജൂൺ ഒന്നിനാണ് വാരം സ്വദേശി 48കാരൻ മുംബൈയിൽ നിന്നെത്തിയത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂർ സ്വദേശിയായ 14കാരനാണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരിൽ 200 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മയ്യിൽ സ്വദേശി 45കാരൻ ഇന്നലെയാണ് ഡിസ്ചാർജായത്. ജില്ലയിൽ നിലവിൽ 14415 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതുവരെ 11140 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10751 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 9609 എണ്ണം നെഗറ്റീവാണ്. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂർ കോർപറേഷൻ പൂർണമായി അടച്ചിടും
സമ്പർക്കം മൂലം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ണൂർ കോർപറേഷനിലെ മുഴുവൻ ഡിവിഷനുകളും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതിനു പുറമെ, പയ്യന്നൂർ നഗരസഭയിലെ 30ാം വാർഡ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.