കണ്ണൂർ: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ പകച്ചുനിൽക്കുകയാണ് സംസ്ഥാനത്തെ നൂറുകണക്കിന് ട്രാവൽ ഏജൻസികൾ. ലോക്ക് ഡൗണിന് ശേഷം ബിസിനസ് ഒന്നും നടന്നില്ലെന്ന് മാത്രമല്ല, മുമ്പ് മുൻകൂട്ടി ബുക്ക് ചെയ്ത മിക്ക യാത്രകളും പലരും റദ്ദാക്കുകയും ചെയ്തു. സർക്കാരിന്റെ ഭാഗത്ത്നിന്ന് ഇതേവരെ ഒരു സഹായവും ലഭിച്ചിട്ടുമില്ല. കോടികളുടെ നഷ്ടമാണ് ട്രാവൽ ഏജൻസികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

മദ്ധ്യ വേനലവധി തുടങ്ങാൻ ഇരിക്കുന്ന നേരത്താണ് മഹാമാരി വന്നുപെട്ടത്. അവധിക്കാലത്താണ് ട്രാവൽ ഏജൻസികളിൽ കാര്യമായ ബിസിനസ് നടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലടക്കം സീസൺ ആരംഭിക്കുന്നതും മദ്ധ്യ വേനൽ അവധികാലത്താണ്. ടിക്കറ്റ് റദ്ദ് ചെയ്ത ഇനത്തിൽ ട്രാവൽ ഏജന്റുമാർക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് രൂപയാണ് നഷ്ടം വന്നത്. മാസങ്ങൾക്കു മുമ്പേ തന്നെ ഗ്രൂപ്പായും കുടുംബമായും ഒക്കെ യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണ് യാത്ര ഒഴിവാക്കിയതിൽ ഏറെയും. ഒന്നോ രണ്ടോ എയർലൈനുകൾ ഒഴികെ മറ്റ് എയർലൈനുകൾ ഒന്നുംതന്നെ ടിക്കറ്റ് തുക മടക്കി നൽകാനോ യാത്രാ തീയതി മാറ്റികൊടുക്കാനോ തയാറായിരുന്നില്ല. പണം മുടക്കിയവർക്ക് യാത്ര ചെയ്യാനാവാത്തതുമൂലം ടിക്കറ്റ് തുക തിരിച്ചു നൽകേണ്ട അവസ്ഥയിലായി മിക്ക ഏജൻസികളും.

ബാധ്യത ഏജൻസികളുടെ തലയിൽ

യാത്ര റദ്ദാക്കിയവർക്ക് വിമാന കമ്പനികൾ പണം മടക്കി നൽകാത്തതുമൂലം കോട്ടയത്തെ ഒരു ട്രാവൽ ഏജൻസിക്ക് നഷ്ടമായത് 12 ലക്ഷം രൂപയാണ്. ടിക്കറ്റ് തുക മടക്കി കൊടുക്കേണ്ട ബാധ്യത കൂടി ഏജൻസിയുടെ തലയിൽ വന്നുവീഴുകയായിരുന്നു. സിംഗപ്പൂർ എയർലൈൻസ് ഒഴികെയുള്ള മറ്റ് വിമാനക്കമ്പനികൾ ഒന്നും തന്നെ മുടക്കിയ പണം തിരിച്ചു നൽകാൻ തയ്യാറായില്ല. കേരളത്തിലെ 80 ശതമാനം വിദേശയാത്രകളും ട്രാവൽ ഏജൻസികളുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. തീയതി മാറ്റാനുള്ള പിഴയും യാത്രാനിരക്കിൽ വരുന്ന വ്യതിയാനവും വിമാന കമ്പനികൾക്കു ഏജൻസികൾ നൽകേണ്ട അവസ്ഥ കൂടിയായി.

സമൂഹത്തിലും കുടുംബത്തിലും പിടിച്ചുനിൽക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾക്ക് സർക്കാർ പലിശ രഹിത വായ്പ അനുവദിക്കണം. ഓൺലൈൻ ബുക്കിംഗ് തുടങ്ങിയതോടെ ഈ മേഖലയുടെ തകർച്ച തുടങ്ങിയിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺ കൂടി ആയതോടെ ട്രാവൽ ഏജന്റുമാർക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. ടൂറിസം മേഖലയെ വ്യവസായമായി അംഗീകരിക്കണം.

പി.വി. സന്തോഷ്, സെക്രട്ടറി, നോർത്ത് കേരള ടൂറിസം അസോസിയേഷൻ