കൂത്തുപറമ്പ്: കണ്ണൂർ - കൂത്തുപറമ്പ് റോഡിലെ താഴെ കായലോട് അപകടമേഖലയായി മാറി. ഏറ്റവും ഒടുവിലായി ഇന്നലെ പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. സംസ്ഥാന പാതയിലെ പറമ്പായി റോഡ് ജംഗ് ക്ഷൻ മുതൽ വെണ്ടുട്ടായി റോഡ് വരെയുള്ള ഭാഗത്താണ് അപകടം പതിയിരിക്കുന്നത്.
ഒരു മാസത്തിനിടെ മാത്രം നാലോളം അപകടങ്ങളാണ് താഴെ കായലോട് ഉണ്ടായിട്ടുള്ളത്. ഏതാനും ദിവസം മുൻപ് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരുക്കേറ്റിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ പുലർച്ചെയുണ്ടായ നാടിനെ നടുക്കിയ അപകടം. ബൈക്ക് മതിലിടിച്ചാണ് ഇന്നലെ പുലർച്ചെ പെരളശ്ശേരിക്കടുത്ത മൂന്നാം പാലം സ്വദേശികളായ വൈശാഖ്, അഭിഷേക് ബാബു എന്നിവർ ദാരുണമായി മരിച്ചത്.
നവീകരിച്ചിട്ടും സൂചനാ ബോർഡില്ല
അപകടം പതിയിരിക്കുന്ന റോഡിൽ ശാസ്ത്രീയമായ സംവിധാനങ്ങളോ, ദിശാ ബോർഡോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഏതാനും മാസം മുൻപ് കായലോട് ടൗൺ മുതൽ താഴെ കായലോട് വരെയുള്ള പ്രധാന റോഡ് നവീകരിച്ചിരുന്നു. എന്നാൽ റോഡിലെ അപകടാവസ്ഥയിലുള്ള വളവ് ഒഴിവാക്കുകയോ ദിശാ ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കാനുള്ള നടപടികളോ അധികൃതർ സ്വീകരിച്ചിരുന്നില്ല.