കണ്ണൂർ: നഗരത്തിൽ കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒരു എക്സൈസ് ജീവനക്കാരൻ കൂടി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി ശക്തമാക്കുന്നത്. രോഗ ബാധിതരുടെ ബന്ധുക്കൾ നഗരത്തിലെ പല കടകളിലും എത്തിയിരുന്നു എന്നാണ് പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും ലഭിച്ച വിവരം.
യാതൊരു നിയന്ത്രണവും ഇല്ലാതെ ആളുകൾ ഇപ്പോഴും നഗരത്തിലേക്ക് വരുന്നത് നിയന്ത്രിക്കണമെങ്കിൽ പൊലീസ് നടപടി ശക്തമാക്കിയേ പറ്റുവെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സമ്പർക്ക രോഗബാധ കൂടുന്നതിനാൽ ജില്ല മുഴുവൻ ജാഗ്രതയിലാണെന്നും എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. എക്സൈസ് ജീവനക്കാരനായിരുന്ന ബ്ലാത്തൂർ സ്വദേശിയായ കെ.പി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്ക ഉയർത്തുകയാണ്. ഇതിനിടെ ദില്ലിയിൽ നിന്ന് എത്തി ക്വാറന്റീനിലായിരുന്ന ജവാനും സുഹൃത്തും ബൈക്ക് അപകടത്തിൽ മരിച്ചത് പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും മറ്റൊരു വെല്ലുവിളി ആയിരിക്കുകയാണ്. ജവാനും സുഹൃത്തും എന്തിനു വേണ്ടി അസമയത്ത് പുറത്തുപോയി എന്നതും വ്യക്തമല്ല. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ജവാൻ കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നോ എന്നത് കണ്ടെത്തുക ഇനി പ്രയാസമുള്ള കാര്യമാണ്. സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം ക്വാറന്റൈനിൽ പോകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ആലോചനയില്ലാതെ അടച്ചിടൽ വിവാദത്തിൽ
അതേ സമയം കോർപ്പറേഷൻ അധികൃതരുമായി ആലോചിക്കാതെ നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച ജില്ലാ കളക്ടരുടെ നടപടിയും വിവാദത്തിലായി. ആദ്യം കോർപ്പറേഷൻ മുഴുവൻ അടച്ചിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മൂന്നു ഡിവിഷനുകളിലേക്ക് മാത്രമായി നിയന്ത്രണം പരിമിതപ്പെടുത്തുകയായിരുന്നു.
കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഡിവിഷനോ വാർഡോ കണ്ടെയ്ൻമെന്റ് സോണുകൾ ആക്കണമെങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയും വേണം.
എന്നാൽ, കളക്ടറും പൊലീസും കോർപറേഷൻ മുഴുവൻ അടച്ചിടാൻ തീരുമാനിച്ച വിവരം കോർപറേഷൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. തുടർന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ജില്ലാ കളക്ടർ ടി.വി. സുഭാഷുമായി ബന്ധപ്പെടുകയും അടച്ചിടൽ മൂന്നു വാർഡുകളാക്കി ചുരുക്കുകയായിരുന്നു.
ലോക്ക്ഡൗണിന്റെ ആദ്യ കാലയളവിൽ കളക്ടറും ജില്ലാ പൊലീസ് ചീഫും തമ്മിലുള്ള അസ്വാരസ്യവും വിവാദമായിരുന്നു