കണ്ണൂർ:ആദ്യത്തെ ഇന്ത്യാ-ചൈന യുദ്ധകാലഘട്ടത്തിൽ രാഷ്ട്രം ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ ദേശ സ്നേഹത്തിന്റെ മലയാള പതിപ്പിന് ലഭിച്ചത് രാഷ്ട്രപതിയുടെ പ്രശംസ.രാജ്യരക്ഷാനിധിയിലേക്ക് സംഭാവന ചെയ്യാൻ ഓട്ടൻതുള്ളലെഴുതി പ്രസിദ്ധീകരിച്ച മലയാള സാഹിത്യകാരനെയാണ് അന്ന് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പ്രശംസാപത്രം നല്കി അഭിനന്ദിച്ചത്.
നാടൻ കലാ ഗവേഷകനും സാഹിത്യകാരനും കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപകനുമായ സി.എം.എസ്. ചന്തേരയാണ് സാഹിത്യ സൃഷ്ടി വഴി ലഭിച്ച തുക രാജ്യരക്ഷാനിധിയിൽ സംഭാവന ചെയ്ത് ഡോ.രാജേന്ദ്രപ്രസാദിന്റെ ആദരം നേടിയത്. ചൈനയെ മഞ്ഞാസുരനായി ചിത്രീകരിക്കുന്ന ഓട്ടൻതുള്ളലിന് മഞ്ഞാസുരമർദ്ദനമെന്നാണ് പേരിട്ടിരുന്നത്. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ പി.കെ. ഉമാശങ്കറിന്റെ ഇംഗ്ലീഷിലുള്ള ആമുഖ കുറിപ്പോടെയാണ് കൃതി പ്രസിദ്ധീകരിച്ചിരുന്നത്. ഹാജി കെ.പി.അഹമ്മദ് കുഞ്ഞി ബ്രദേഴ്സിന്റെ സിൽവർ ജൂബിലി അച്ചുകൂടത്തിലായിരുന്നു. അച്ചടി. മൂവായിരം കോപ്പി. കോപ്പി രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന് അയച്ചു.രണ്ടാഴ്ചയ്ക്കുള്ളിൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ സി.എം.ശങ്കരൻ നായരെന്ന ചന്തേര മാഷെ തേടി രാഷ്ട്രപതിയുടെ പ്രശംസാപത്രമെത്തി..
ദേശസ്നേഹത്തിന്റെ ആദര മുഹുർത്തം. പിന്നീടുള്ള പതിപ്പുകൾ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ അഭിനന്ദന പത്രത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഡോ.സുകുമാർ അഴീക്കോടിന്റെയും സഹപ്രവർത്തകൻ കൂടിയായ സ്വാതന്ത്ര്യ സമര സേനാനി ചിറക്കൽ ടി. ബാലക്യഷ്ണൻ നായരുടെയും അഭിപ്രായങ്ങളും ചേർത്ത മഞ്ഞാസുരമർദ്ദനത്തിൽ മൂന്നു മാസത്തിനുള്ളിൽ മൂന്നു പതിപ്പുകളുണ്ടായി എന്നതും ചരിത്രം. പിന്നീടുണ്ടായ പതിപ്പുകളുടെ വിറ്റുവരവും രാജ്യരക്ഷാ നിധിയിൽ കണ്ണൂർ കളക്ടർ മുഖാന്തരം നല്കി.