കാഞ്ഞങ്ങാട്: ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി കാഞ്ഞങ്ങാട്ടെ 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കി. ഇതു മൂലം ഉച്ചവരെ ആംബുലൻസുകൾ ഓടിയില്ല. കൊവിഡ് കാലത്ത് രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ച ഡ്രൈവർമാർക്ക് ശമ്പളം നൽകുന്നതിൽ ജി.വി.കെ.ഇ.എം.ആർ.ഐ കമ്പനി തികഞ്ഞ അലംഭാവം കാട്ടുകയായിരുന്നു. ഈ മാസം 17 ന് ശമ്പളം നൽകാമെന്ന ലേബർ ഓഫീസർക്ക് ഉറപ്പ് നൽകിയെങ്കിലും കമ്പനി ഇതിൽ നിന്നും പിൻ മാറുകയായിരുന്നു.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. രാവിലെ 8 മണിക്ക് ആരംഭിച്ച സമരം 12 മണിയോടെ ഒത്തുതീർന്നു. ജില്ലാ കളക്ടർ, ഡി.എം.ഒ, ആരോഗ്യമന്ത്രിയുടെ ഓഫീസ് എന്നിങ്ങനെ പ്രശ്‌നത്തിലിടപെടുകയും വെള്ളിയാഴ്ച രാവിലെ ആകുമ്പോഴേക്കും ഡ്രൈവർമാരുടെ അക്കൗണ്ടിലേക്ക് ശമ്പളമെത്തുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിയത്.

നാല് മണിക്കൂറോളം ആംബുലൻസുകൾ ഓടാത്തതിനെ തുടർന്ന് ഉച്ചവരെ സ്രവ പരിശോധനയ്ക്കും തടസ്സം നേരിട്ടു. പെരിയയിലെ കേന്ദ്രസർവ്വകലാശാല ലാബിലേക്കും മറ്റും സ്രവം കൊണ്ടു പോകുന്നത് 108 ആംബുലൻസുകളിലാണ്.