കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെണ്ടോട് വയൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് റോഡും പുഴയും ഒന്നായി മാസങ്ങളായി. വൻദുരന്തത്തിനുള്ള സാദ്ധ്യത അധികൃതർ ശ്രദ്ധിക്കുന്നേയില്ലെന്ന് പരാതി. കണ്ണാടിപ്പറമ്പ്- പുല്ലൂപ്പി പ്രദേശത്തുളളവർക്ക് കാട്ടാമ്പള്ളിയിലും പുതിയ തെരുവിലും എത്തിച്ചേരാനുള്ള എളുപ്പ വഴിയാണ് വെണ്ടോട് വയൽ റോഡ്.
കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി വയലിൽ നിന്നു തുടങ്ങി കാട്ടാമ്പള്ളി പാലത്തിന് സമീപം അവസാനിക്കുന്ന റോഡിന്റെ താവൊട്ടിൽ പാലം മുതൽ കൊയിലി നഴ്സിംഗ് കോളേജ് വരെയുള്ള അര കിലോമീറ്ററോളം റോഡിന്റെ ഇരുവശവും തകർന്ന നിലയിലാണ്. ചില സ്ഥലങ്ങളിൽ റോഡ് പൂർണ്ണമായും കാട്ടാമ്പള്ളി പുഴയോട് ചേർന്നിട്ടുമാണ്. നാല് മീറ്റർ റോഡിൽ ഒരുമീറ്ററോളം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. കരിങ്കൽ ഭിത്തി പൂർണ്ണമായും തകർന്ന് പുഴയിൽ പതിച്ചു.
റോഡ് ഇടിഞ്ഞ് വഴിയാത്രക്കാർ പുഴയിൽ വീഴുന്ന അവസ്ഥയിലും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനോ അപകടസൂചന ബോർഡുകൾ വെയ്ക്കുന്നതിനോ അധികൃതർക്കാവുന്നില്ല. ഇടിഞ്ഞിടിഞ്ഞ് വീതി കുറഞ്ഞ റോഡിൽ ഇരുവശത്തും നിന്നും വാഹനങ്ങൾ വന്നാൽ അരികുചേർന്നു പോകുന്നവർ പുഴയിൽ വീഴാനും ഇടയുണ്ട്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന വെണ്ടോട് റോഡ് പൂർണ്ണമായും പുഴയിൽ പതിക്കാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്. നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ട്.
അനങ്ങാതെ പഞ്ചായത്ത്
നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ഗ്രാമസഭയിൽ ഉൾപ്പെടെ പ്രശ്നം ചർച്ച ചെയ്തിട്ടും ഫലമുണ്ടായില്ല. 2019-2020 ജില്ലാ പഞ്ചായത്തിന്റെയോ ഫണ്ട് ഉപയോഗിച്ച് വെണ്ടോട് റോഡ് മുന്നൂറ് മീറ്റർ റീ ടാറിംഗിന് പാസായിട്ടുണ്ടെങ്കിലും സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് നടപടിയായിട്ടില്ല. റോഡിനോടനുബന്ധിച്ചുള്ള രണ്ട് പാലങ്ങളിൽ താവോട്ട് പാലം ദ്രവിച്ച് എതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി കൊണ്ട് 2 കിലോമീറ്ററോളം വരുന്ന വെണ്ടോട് വയൽ റോഡ് സംരക്ഷണഭിത്തി കെട്ടി ടാർ ചെയ്യാൻ 35 ലക്ഷം പാസായിട്ടുണ്ട് ടെൻഡർ നടപടി പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തി ആരംഭിക്കും.
കെ. ശ്യാമള,
പ്രസിഡന്റ്
നാറാത്ത് ഗ്രാമപഞ്ചായത്ത്