മട്ടന്നൂർ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ചെറുപ്പക്കാരനാണ് 28 വയസുള്ള എക്സൈസ് ഡ്രൈവർ കെ പി സുനിൽ. ഗവൺമെന്റ് ജോലിയെന്ന സ്വപ്നം സ്ഥലമാക്കി ആവേശത്തോടെ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് മഹാമാരി സുനിലിന്റെ ജീവൻ കവർന്നത്.

2019 നവംബറിലാണ് സർവീസിൽ കയറിയത്. ഇതിനിടെ സർവീസ് ട്രെയിനിംഗ് നടക്കേണ്ടതായിരുന്നു. പക്ഷേ കൊവിഡ് കാരണം ട്രെയിനിംഗ് നീണ്ടു പോകുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

ജൂൺ 3ന് മട്ടന്നൂർ കൂരൻ മുക്ക് സ്വദേശിയെ കർണാടക മദ്യവുമായി അറസ്റ്റുചെയ്തിരുന്നു. പ്രതിയുമായി മട്ടന്നൂർ താലൂക്ക് ആശുപത്രിയിലും കണ്ണൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചു. വിഡിയോ കോൺഫറൻസ് വഴി മജിസ്ട്രേട്ട് റിമാൻഡ് ചെയ്ത പ്രതിയെ തോട്ടടയിലെ ജയിൽ ക്വാറന്റൈൻ കേന്ദ്രത്തിലുമാക്കി. 12 വരെ ഇദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായി. 13നാണു പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ന്യൂമോണിയയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവിടെനിന്നു 14നു കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. പ്രതിക്ക് കൊവിഡ് ഇല്ലാത്തതിനാൽ, മറ്റെവിടെ നിന്നാണു രോഗം വന്നതെന്ന് കണ്ടെത്തേണ്ടിവരും.

റേഞ്ചിന്റെ ചുമതല ഇരിട്ടിയിലെ ഓഫീസർക്ക്

എക്സൈസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെതന്നെ അടച്ച എക്സൈസ് മട്ടന്നൂർ റേഞ്ച് ഓഫീസിന്റെ ചുമതല ഇരിട്ടി റേഞ്ച് ഓഫീസർക്ക് നൽകി. പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇൻസ്പെക്ടറും നാലു പ്രിവന്റീവ് ഓഫീസർമാരും ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയതോടെയാണ് ഓഫീസിന്റെ പ്രവർത്തനം നിലച്ചത്. ഇൻസ്പെക്ടർക്കും ഒരു പ്രിവന്റീവ് ഓഫീസർക്കും നാല് സിവിൽ എക്സൈസ് ഓഫീസർമാർക്കുമാണ് താൽക്കാലിക ചുമതല നൽകി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉത്തരവിട്ടത്.