പെരിയ: കല്ലോട്ട് സി.പി.എം പ്രവർത്തകനെ സ്‌കൂട്ടി തടഞ്ഞ് മർദ്ദിച്ച സംഭവത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ തായന്നൂർ കോളിയാറിലെ മുല്ലൂർ വീട്ടിൽ ബെന്നി(52)യെ ആക്രമിച്ച സംഭവത്തിലാണ് കോൺഗ്രസ് പ്രവർത്തകരായ വീരപ്പൻ മണി, അനീഷ്‌ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.

രാത്രി കടയടച്ച് സ്‌കൂട്ടിയിൽ താമസ സ്ഥലത്തേക്ക് ബെന്നി പോകുമ്പോൾ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി അക്രമിച്ചെന്നാണ് പരാതി. ബെന്നിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെന്നി വത്സന്റെ കടയിൽ ജോലിക്ക് നിൽക്കുന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പെരിയ, കല്യോട്ട് പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.