കണ്ണൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസ്ക്, കൈയുറ, സാനിറ്റൈസർ.... ഇതിനൊക്കെ പുറമെ യാത്രക്കാരുമായുള്ള സമ്പർക്കം തടയാനുള്ള പ്രത്യേക ക്യാബിൻ. ഗതാഗതമന്ത്രിയുടെ വാഗ്ദാനങ്ങളെല്ലാം വലിയ ആശ്വാസമായിരുന്നു ജീവനക്കാർക്ക്. എന്നാൽ കാര്യങ്ങളൊന്നും നടന്നില്ല. എല്ലാം പഴയ പടി തന്നെ. എയർപോർട്ടിൽ നിന്നു പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന ഡ്രൈവർമാർ ഇപ്പോൾ ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നത്.

തിരുവനന്തപുരത്തും കണ്ണൂരിലും ഡ്രൈവർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഭീതിയുടെ നിഴലിലാണ്. കൊവിഡിന്റെ തുടക്കക്കാലത്തോ മറ്റോ കൊടുത്ത മാസ്കും കൈയുറമല്ലാതെ ഇപ്പോൾ ആർക്കും ഒരു സുരക്ഷാ ഉപകരണങ്ങളുമില്ല. മിക്കവാറും ദിവസങ്ങളിൽ കണ്ണൂർ എയർപോർട്ടിൽ നിന്നും പ്രവാസികളെ കൊണ്ടുവരാൻ കണ്ണൂർ, തലശേരി ഡിപ്പോകളിൽ നിന്നും ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഒരു ബസിൽ രണ്ട് ഡ്രൈവർമാരാണ് പോകാറുള്ളത്. ഒരാൾ ക്യാബിനിയിൽ ഇരിക്കുമ്പോൾ മറ്റേയാൾ പലപ്പോഴും യാത്രക്കാർക്കിടയിലായിരിക്കും.

യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നത് രോഗം ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയിലാണ് ജീവനക്കാർ. കണ്ണൂർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ 40 ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​വാ​ൻ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നി‌ർദേശിച്ചിരുന്നു.

ഇതിനു പുറമെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കും ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ 17 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിരുന്നു.