sreelatha
പട്ടയവുമില്ല ലൈഫും കൈവിട്ടു ..ശ്രീലത കുടിലിന് മുന്നിൽ

കാസർകോട്: ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയിൽ നിന്ന് ഈ ആദിവാസി കുടുംബത്തിനൊരു മോചനം വേണം. ചാലിങ്കാൽ കമ്മാടത്തുപാറയിലെ ശ്രീലതയാണ് രണ്ട് പെൺമക്കൾക്കൊപ്പം ദുരിതാവസ്ഥയിൽ കഴിയുന്നത്. പാണത്തൂരിനടുത്ത് ചെത്തുകയം സ്വദേശി വിവാഹം ചെയ്തെങ്കിലും ചെറിയ കുട്ടികളെയും ശ്രീലതയെയും ഉപേക്ഷിച്ച് അയാൾ പോയതോടെ കുട്ടികളുടെ സംരക്ഷണത്തിൽ ഇവർ ഒറ്റയ്ക്കായി. പെരിയ എസ്.എൻ കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് മൂത്തമകൾ ഹരിത. ഇളയമകൾ അഭിനയ പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

കമ്മാടത്തുപാറയിലെ സർക്കാർ ഭൂമിയിലാണ് ശ്രീലതയും മക്കളും താമസിക്കുന്നത്. 12 വർഷമായെങ്കിലും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ അടച്ചുറപ്പുള്ള വീട് ഉൾപ്പെടെ സർക്കാരിന്റെ യാതൊരു സഹായവും ഈ കുടുംബത്തിന് ലഭിക്കുന്നില്ല. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ അപേക്ഷ ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലെ ഫയലിലുറങ്ങുന്നു. പുല്ലൂർ വില്ലേജ് ഓഫീസിലെ നിസഹകരണം കാരണം ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടാകുന്നില്ല. ഇതുസംബന്ധിച്ച് ആദ്യം ശ്രീലത നൽകിയ അപേക്ഷ വില്ലേജ് ഓഫീസിൽ നിന്ന് കാണാതായിരുന്നു.

ഇക്കാരണത്താൽ ഒരുവർഷം മുമ്പ് നൽകിയ അപേക്ഷയിലാണ് ഇനി നടപടി ഉണ്ടാകേണ്ടത്. ചെങ്കൽ ക്വാറിയിൽ കല്ലുചുമന്നാണ് ശ്രീലത മക്കളെ പോറ്റിയിരുന്നത്. ആറുവർഷം മുമ്പ് ക്വാറിയിൽ ജോലിചെയ്യുന്നതിനിടെ ചുമന്ന കല്ല് സഹിതം കാൽവഴുതിവീണ് ഇവരുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ ജോലി ചെയ്താണ് ശ്രീലത ഉപജീവന മാർഗം കണ്ടെത്തുന്നത്. കൊവിഡ് വന്നതോടെ ആശുപത്രി ജോലിയും പോയി. ഈ നില തുടർന്നാൽ താനും മക്കളും പട്ടിണി കിടക്കേണ്ടിവരുമെന്ന ആശങ്ക ശ്രീലതക്കുണ്ട്. മഴ വന്നാൽ കൂരക്കകത്ത് വെള്ളം പതിക്കുന്നു. ഇതുകാരണം സ്വസ്ഥമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല.