അഴിയുന്തോറും മുറുകിവന്ന കുരുക്ക്

രാമന്തളി: രാമന്തളി, മാടായി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂലക്കീൽ കടവ് പാലം. എന്നാൽ വർഷങ്ങൾ നീളുന്ന അനിശ്ചിതത്വത്തിൽ പാലം വെറും സ്വപ്നമായിതീരുമോ എന്നാണ് ആശങ്ക. 2008 ലാണ് പാലത്തിനായി സർവ്വേ തുടങ്ങണമെന്ന് അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ നിർദ്ദേശിച്ചിരുന്നത്. ഇതേ തുടർന്ന് അഞ്ച് കോടിയുടെ എസ്റ്റിമേറ്റും മറ്റും തയ്യാറാക്കി. മന്ത്രിസഭ അംഗീകരിച്ച് ബഡ്ജറ്റിൽ തുക അനുവദിച്ചെങ്കിലും പാലം പണി ഇനിയും എവിടെയുമെത്തിയില്ല.

2009ൽ വിശദമായ സർവ്വേകളും മറ്റു ഇൻവെസ്റ്റിഗേഷൻ നടപടികളും നടന്നു. അപ്രോച്ച് റോഡുകൾക്ക് വേണ്ടിയുള്ള സർവ്വേകളും പൂർത്തിയാക്കി. അപ്രോച്ച് റോഡിനുള്ള സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നു.

രണ്ടര വർഷത്തിലധികം പാലത്തിന്റെ ഡിസൈൻ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ നീണ്ടുപോയി. 2019 ജനുവരിൽ 21 കോടി രൂപ ചെലവ് വരുന്ന ഡി.പി.ആർ ബന്ധപ്പെട്ട എൻജിനിയർമാർ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇപ്പോൾ നിർമ്മാണവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി ചില പരിശോധനാ റിപ്പോർട്ടുകൾ കിഫ്ബി ആവശ്യപ്പെട്ടിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. ഗതാഗതസൗകര്യത്തിന് പുറമെ വികസനത്തിലേക്ക് ഇത് പാതയാകും. ഡിസൈൻ മാറ്റുന്നതിനു ആവശ്യമായ സർവ്വേ പ്രവർത്തനങ്ങൾക്കും ബോറിംഗിനും സർക്കാർ ഉത്തരവിട്ടു.

ദേശീയ വാട്ടർ അതോറിറ്റിയുടെ തീരുമാനത്തെ തുടർന്ന് പാലത്തിന്റെ ഉയരം ആറുമീറ്ററായും നീളം 263 മീറ്ററായും പരിമിതപ്പെടുത്തി. കൂടുതലായി ഏറ്റെടുക്കേണ്ടിവന്ന 27 സെന്റ് സ്ഥലത്തിന്റെ വില നൽകാനും തീരുമാനമായിരുന്നു.

ആ പരിഗണന മതി

ഇരിണാവ് ഡാം പാലത്തിന്റെ അപ്രോച്ച് റോഡുകൾക്ക് എസ്റ്റിമേറ്റ് തുകയിൽ സ്ഥലത്തിന്റെ വിലയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ പരിഗണന മൂലക്കീൽ കടവ് പാലത്തിനും കിട്ടുമെന്നാണ് പ്രതീക്ഷ.

കുന്നരു ഭാഗത്ത് അപ്രോച്ച് റോഡിനായ സ്ഥലം നാട്ടുകാർ സൗജന്യമായി 2012ൽ വിട്ടു കൊടുക്കേണ്ടിവന്നിരുന്നു.

എതിർപ്പുമുണ്ട്

ഇൻലാൻഡ് നാവിഗേഷൻ വിഭാഗം എതിർപ്പുമായി വന്നതാണ് പാലം പണി ഇഴയാൻ കാരണമായത്. പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മൂലക്കീൽ കടവിൽപെട്ട പാലക്കോട് പുഴ തങ്ങളുടെ അധീനതയിലാണെന്നും തങ്ങൾ നിർദ്ദേശിക്കുന്ന ഡിസൈൻ അംഗീകരിക്കണമെന്ന നിലപാട് കടുപ്പിക്കുകയും ചെയ്തു.

പുതിയ ഡിസൈൻ

263 മീറ്റർ നീളം

12 മീറ്റർ വീതി

നടുവിലെ തൂണുകളുടെ അകലം 50 മീറ്റർ

പാറ 40 മീറ്റർ ആഴത്തിൽ

തിരുവനന്തപുരത്ത് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന ഉയർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെടുത്ത തീരുമാനം പോലും ഇവിടെ നടപ്പായില്ല. പാലം യാഥാർഥ്യമായാൽ രാമന്തളി, മാടായി പഞ്ചായത്തുകളിലെ യാത്രാദുരിതം പരിഹരിക്കാൻ കഴിയും.

കൊയക്കീൽ രാഘവൻ,

സാമൂഹ്യ പ്രവർത്തകൻ