കൂത്തുപറമ്പ്: കണ്ണവം വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകളിറങ്ങുന്നത് ആശങ്കക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം കടൽക്കണ്ടം ജനവാസ മേഖലയിൽ വീടുകൾക്കടുത്തുവരെയാണ് കാട്ടുപോത്തുകൂട്ടമെത്തിയത്. കാട്ടുപോത്തുകളെ പേടിച്ച് നിരവധി കോളനികൾ സ്ഥിതി ചെയ്യുന്ന കണ്ണവം വനമേഖലയിൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ജനം.

കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്തി ഓടിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല. കോളയാട് ചങ്ങല ഗെയിറ്റ് മുതൽ പെരുവ വരെയുള്ള ആറ്കിലോ മീറ്ററോളം റോഡിൽ നിരവധി തവണയാണ് കാട്ടുപോത്തുകൾ എത്തിയത്.

പെരുവ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ വനത്തിലൂടെകാൽ നടയായാണ് പലരും യാത്ര ചെയ്യുന്നത്. അതോടൊപ്പം ബൈക്ക് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങളളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പലപ്പോഴും രാവിലെ മുതൽ തന്നെ റോഡരികിൽ എത്തുന്ന അവസ്ഥയിലാണ് കാട്ടുപോത്തുകൾ. പോത്തുകൾ കൂട്ടത്തോടെ റോഡിൽ നിലയുറപ്പിക്കുന്നതിനാൽ യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ.