കാഞ്ഞങ്ങാട്: തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയതോടെ കോട്ടച്ചേരി റെയിൽവേ മേൽപാലം പ്രവൃത്തി വീണ്ടും നിലച്ചു. റെയിലിന് കുറുകെ സ്ഥാപിക്കേണ്ട ഗർഡറുകൾ എത്തി പണി വേഗത്തിലാകുമെന്ന് കരുതിയിരിക്കെയാണ് അവശേഷിച്ച തൊഴിലാളികളും നാട്ടിലേക്ക് വണ്ടി കയറിയത്.
തൊഴിലാളികളിൽ ഏറേ പേരും നേരത്തെ നാട്ടിലേക്ക് പോയിരുന്നു. അവശേഷിക്കുന്ന പത്ത് പശ്ചിമബംഗാൾ സ്വദേശികളായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഗർഡറുകളുടെ നട്ടും ബോൾട്ടും ഘടിപ്പിക്കുന്ന ജോലിയായിരുന്നു നടന്നുവന്നിരുന്നത്. ഈ പ്രവൃത്തി പൂർത്തിയായാൽ സുരക്ഷ കമ്മീഷന്റെ മേൽനോട്ടത്തിൽ ഗാർഡറുകൾ പാളത്തിനു മുകളിൽ സ്ഥാപിക്കാനുള്ള ആലോചനയും അസ്ഥാനത്തായി. പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിടുന്ന പ്രവൃത്തിയും പൂർത്തിയായി വന്നിരുന്നു.
കഴിഞ്ഞമാസം 29 നാണ് കോൺക്രീറ്റ് സ്റ്റീൽ കമ്പോസിറ്റ് ഗർഡറുകൾ കാഞ്ഞങ്ങാട്ടെത്തിച്ചത്. റെയിൽവേ സുരക്ഷാ കമ്മീഷന്റെ മേൽനോട്ടത്തിൽ തൃശ്ശിനാപ്പള്ളിയിലെ ഫാക്ടറിയിൽ പണിതീർത്തവയായിരുന്നു ഗർഡറുകൾ. തൊഴിലാളികളുടെ അഭാവത്തിൽ പണി നീണ്ടുപോകാൻ ഇട വരുത്തരുതെന്ന് മേൽപാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ എ. ഹമീദ് ഹാജി കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.