വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം നിലച്ചു. ആറു മാസം മുമ്പ് നിർമാണ ജോലികൾ തുടങ്ങിയ പരപ്പ, മാലോം, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളുടെ പ്രവൃത്തികളാണ് പൂർണമായും നിലച്ചിരിക്കുന്നത്.

നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ റവന്യൂ വകുപ്പ് നിർമ്മിതിക്കാണ് കരാർ നൽകിയത്. 50ലക്ഷം രൂപ വീതമാണ് ഇതിനായി ചെലവ് കണക്കാക്കിയത്. എന്നാൽ ആദ്യഘട്ടത്തിൽ ഓടിളക്കിയും ജനൽ പറിച്ചു മാറ്റിയതും നടത്തിയ പ്രവൃത്തികൾ അല്ലാതെ യാതൊരു വിധ പ്രവൃത്തിയും നടന്നിട്ടില്ല.

റവന്യൂ മന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് പട്ടികയിൽ ഇടം പിടിച്ചത്. ആറുമാസം മുൻപ് നിർമാണ ജോലികൾ ആരംഭിച്ച വെസ്റ്റ് എളേരിയിൽ നിലവിലെ കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും പൊളിച്ചു മാറ്റിയിരുന്നു. ഇതിനായി നിർമിതി നിയോഗിച്ച ഒരു എൻജിനിയർ ആറുമാസത്തെ ശമ്പളംവാങ്ങി തന്റെ ആറുമാസ കാലാവധി പൂർത്തിയാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നുവെന്നാണ് പരാതി.