കാസർകോട്: തോക്കുകൾ ഉപയോഗിച്ചുള്ള ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കും കുപ്രസിദ്ധമായ ഉപ്പള കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ വീണ്ടും പിടിമുറുക്കുന്നു. എം.ഡി.എം.എ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ വില്പനയാണ് പൊടിപടിക്കുന്നത്.

താവളം ഉപ്പളയിലാണെങ്കിലും തലപ്പാടി മുതൽ കൈക്കമ്പ വരെ ഇവർക്ക് വിതരണ ശൃംഖലകളുണ്ട്. ഉപ്പള ബസ് സ്റ്റാൻഡിലും പത്വാടി റോഡിലുമായിരുന്നു ആദ്യകാലങ്ങളിൽ വിൽപനയെങ്കിൽ ഇപ്പോഴത് നിരവധി വീടുകളിലേക്ക് മാറിയിട്ടുണ്ട്. പരാതി പറയുന്നവരെ ഒറ്റക്കും കൂട്ടായും വീട്ടിൽ കയറിപോലും ഭീഷണിപ്പെടുത്തുകയും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്യുന്നതിനാൽ ജീവഭയത്താൽ പരാതിപ്പെടാൻ ആരും മുന്നോട്ട് വരാതിരിക്കുന്നത് മാഫിയക്ക് തുണയാകുന്നു. ആവശ്യക്കാർ വാട്സ്ആപ്പ് മുഖേനെയാണ് മയക്കുമരുന്ന് സംഘത്തെ ബന്ധപ്പെടുന്നതെന്നും പറയുന്നു. ലോക്ക്ഡൗൺ സമയത്ത് വിൽപന അൽപം കുറഞ്ഞെങ്കിലും ഇപ്പോൾ പൂർവാധികം സജീവമാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് മയക്ക് മരുന്നുകൾ ഉപ്പളയിലേക്ക് എത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ചില ഡ്രൈവർമാർ രഹസ്യമായി ഇവരുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്നും വിവരമുണ്ട്.