കണ്ണൂർ: വിമാനത്താവള അനുബന്ധ വ്യവസായ സംരംഭങ്ങൾക്കായുളള കിൻഫ്ര പദ്ധതികളുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചു. ഭൂമിയേറ്റെടുക്കൽ നടപടികൾക്കായുള്ള എൽ.എ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് 25ന് പ്രവർത്തനം ആരംഭിക്കും. ചാലോടാണ് ഓഫീസ് ആരംഭിക്കുന്നത്.
പാതിരിയാട്, കീഴല്ലൂർ, പട്ടാനൂർ, പടിയൂർ, പഴശ്ശി, കോളാരി, ചെറുവാഞ്ചേരി, മൊകേരി വില്ലേജുകളിലായാണ് വിവിധ പ്രൊജക്ടുകൾക്കായി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ മാലൂർ പഞ്ചായത്തിൽ പുതുതായി ഭൂമി കണ്ടെത്താനും യോഗത്തിൽ മന്ത്രി നിർദേശം നൽകി.
നിരവധി നിക്ഷേപകർ വിവിധ പ്രൊജക്ടുകൾക്ക് താൽപ്പര്യം പ്രകടിപ്പിച്ച് സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടർ ടി.വി സുഭാഷ്, അസി. കളക്ടർ ആർ. ശ്രീലക്ഷ്മി, റവന്യൂ വകുപ്പ്, കിൻഫ്ര ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.